
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ വിരുന്നിൽ പൂർണ്ണമായും വെജിറ്റേറിയൻ വിഭവങ്ങൾ വിളമ്പിയതിന് പിന്നാലെ കണക്കുകൾ നിരത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്കാരിൽ 80 ശതമാനവും സസ്യഭുക്കുകളല്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യൻ നോൺ-വെജിറ്റേറിയൻ ഭക്ഷണം സ്വാദിഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കണക്കുകൾ വ്യക്തമാക്കാൻ പറയട്ടെ: 80% ഇന്ത്യക്കാരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണ്. ഇന്ത്യൻ നോൺ-വെജ് വിഭവങ്ങൾ വളരെ സ്വാദിഷ്ടമാണ്. എന്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ഭട്ടൂരെ പോലെ തന്നെ," സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധി കുറിച്ചു. ഡൈനിംഗ് ടേബിളിലിരിക്കുന്ന ചോലെ ഭട്ടൂരെയുടെ ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചു.

ശനിയാഴ്ച ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് നേതാക്കൾക്കും പ്രതിനിധികൾക്കുമായി വിരുന്ന് സത്കാരം സംഘടിപ്പിച്ചത്. ഭാരതീയ ശൈലിയിലുള്ള സസ്യാഹാര വിരുന്നാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്. പരമ്പരാഗത ഇന്ത്യൻ രുചികൾക്കും തദ്ദേശീയമായ ഭക്ഷണരീതികൾക്കും ഊന്നൽ നൽകുന്നതായിരുന്നു മെനു.
ഖാണ്ട്വി മില്ലെ (ആവിയിൽ വേവിച്ചെടുത്ത കടലമാവ് റോൾ), പുതിന ചേർത്ത മഷ്റൂം കബാബ് വിഭവമായ ഖുംബ് ഗലൗട്ടി എന്നിവയോടെയാണ് ബ്രിക്സ് വിരുന്ന് ആരംഭിച്ചത്. പ്രധാന വിഭവങ്ങളിൽ പനീർ ലഭാബ്ദാർ, ഗൂച്ചി മാർമിക് (ഹിമാലയൻ മോറെൽ മഷ്റൂമും ശതാവരിയും ചേർത്തുണ്ടാക്കിയത്), കാരറ്റ് ബീൻ പോറിയൽ എന്നിവ ഉൾപ്പെട്ടിരുന്നു. നേർത്ത പരിപ്പ് സൂപ്പായ തക്കാളി ബേലെ സാറു, മില്ലറ്റ് പുലാവ്, ബീറ്റ്‌റൂട്ട് റൈത്ത, വിവിധ തരം ഇന്ത്യൻ ബ്രെഡുകൾ എന്നിവയും മെനുവിൽ ഇടംപിടിച്ചു.
ഡെസേർട്ടിൽ ജിലേബിയും ഷഹ്തൂത് ഫിർണിയും ചേർത്ത ഓൾഡ് ഡൽഹി ഫ്രൂട്ട് ക്രീം ഉൾപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്നും മറ്റ് ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുമുള്ള നൂറിലധികം കലാകാരന്മാരുടെ സാംസ്കാരിക പ്രകടനങ്ങളും വിരുന്നിന് മാറ്റ് കൂട്ടി.