
തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗ്ലാദേശ് തീരത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാണ് ന്യൂനമർദമായി മാറിയത്. ഇതിന്റെ സ്വാധീനഫലമായി ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. വരുംദിവസങ്ങളിൽ തിങ്കളാഴ്ച വരെ സംസ്ഥാനത്തുടനീളം നേരിയതോ മിതമായതോ ആയ മഴ തുടരാനും സാധ്യതയുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) പ്രത്യേക ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം തീരത്ത് (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കന്യാകുമാരി തീരത്ത് രാത്രി 11.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ ആഞ്ഞടിച്ചേക്കാമെന്നതിനാൽ തീരപ്രദേശങ്ങളിലുള്ളവർ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.