
ഇന്ത്യൻ സിഖ് സമുദായത്തിനെതിരെ വിദ്വേഷം നിറച്ച പോസ്റ്റ് പ്രതിഷേധത്തെ തുടർന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് എക്‌സിൽ നിന്നു വ്യാഴാഴ്ച്ച നീക്കം ചെയ്തു. 'ട്രാൻസ്ഫോർമേഴ്‌സ്' സിനിമയുടെ ശൈലിയിലുള്ള കാർട്ടൂണിൽ 'Get off our roads, you don’t know how to drive Mr. Singh' എന്ന സന്ദേശമാണ് കയറ്റിയിരുന്നത്.
താടി വളർത്തി, വർണത്തൂവാല തലയിൽ കെട്ടിയ ഒരാൾ വാഹനം ഓടിക്കുന്നത് പോസ്റ്ററിൽ കാണാം. "സ്വയം നാടു വിടുക" എന്ന ആഹ്വാനവുമുണ്ട്.
ഇന്ത്യൻ അമേരിക്കൻ സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയെന്നു 'ന്യൂ യോർക്ക് ടൈംസ്' ചൂണ്ടിക്കാട്ടി. കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം, റെപ്. രാജാ കൃഷ്ണമൂർത്തി എന്നിവരെ പോലുള്ള ഡെമോക്രാറ്റിക് നേതാക്കളും പ്രതിഷേധിച്ചു.
ഫ്ലോറിഡയിൽ വാഹനം ഇടിച്ചു മൂന്നു പേരെ കൊന്ന ഹർജിന്ദർ സിംഗ് എന്നയാളുടേതാണ് ചിത്രമെന്നു ഡി എച് എസ് പറഞ്ഞു. പ്രതിഷേധം അസംബന്ധമാണെന്നു ചൂണ്ടിക്കാട്ടി അവർ വാദിച്ചതു ഇന്ത്യക്കാരനായ സിംഗ് യാതൊരു കാരണവശാലും യുഎസിൽ ഉണ്ടായിരിക്കാൻ പാടില്ലാത്ത ആളാണെന്നാണ്.
അതേ സമയം, പോസ്റ്റ് പിൻവലിച്ചതിനു ഡി എച് എസ് കാരണമൊന്നും പറഞ്ഞിട്ടില്ലെന്നു 'ടൈംസ്' ചൂണ്ടിക്കാട്ടി.
ഗവർണർ ന്യൂസം ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. "ഇത് വെറുപ്പിക്കലാണ്. ട്രംപിന്റെ ഭരണം സിഖുകാരെ ലക്‌ഷ്യം വച്ചു വംശീയ പ്രചാരണം നടത്തുകയാണ്."
റോഡപകടങ്ങൾ സൃഷ്ടിക്കുന്ന അനധികൃത കൊമേർഷ്യൽ ഡ്രൈവർമാരെ നിരത്തുകളിൽ നിന്നു ഒഴിവാക്കണമെന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഈ പോസ്റ്റർ ഡി എച് എസ് എക്‌സിൽ കയറ്റിയത്.
എന്നാൽ അതിൽ ഉൾപ്പെട്ട വംശീയതയ്‌ക്കെതിരെ ഇന്ത്യൻ അമേരിക്കൻ സമൂഹം രൂക്ഷമായി വിമർശനം ഉയർത്തി.
'മിസ്റ്റർ സിംഗ്' അമേരിക്ക വിടണം എന്ന ചിത്രീകരണം വംശീയം തന്നെയാണെന്നു രാജാ കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. "ഒരു സമുദായത്തിനെതിരെ മൊത്തത്തിൽ നിങ്ങൾ വിദ്വേഷം പരത്തുകയാണ്. ആളുകളെ ചെകുത്താന്മാരായി ചിത്രീകരിക്കാൻ അധികാരം ഉപയോഗിക്കുന്നത് ഒരു ഗവൺമെന്റ് ചെയ്യാൻ പാടില്ലാത്തതാണ്. അവരുടെ മതവിശ്വാസം ചൂണ്ടിക്കാട്ടുക, പൈതൃകം എടുത്തു പറയുക ഇതൊക്കെ അവർ അന്യരാണെന്നു തെളിയിക്കാനുള്ള ശ്രമങ്ങളാണ്.
"സിനിമ പോസ്റ്ററിന്റെ ശൈലിയിൽ സോഷ്യൽ മീഡിയയിൽ കയറ്റിയ ഔദ്യോഗിക പോസ്റ്റിൽ ട്രംപിന്റെ ഡി എച് എസ് ഒരാളെ മിസ്റ്റർ സിംഗ് എന്നു വിളിച്ചു വില്ലനായി ചിത്രീകരിച്ചു. നിരത്തുകളിൽ കണ്ടു പോകരുതെന്ന് ആജ്ഞാപിച്ചു. സ്വയം നാടു കടത്താൻ ആവശ്യപ്പെട്ടു."
സിംഗ് എന്ന പേര് ഗ്രാഫിക്കിൽ ഉപയോഗിച്ചതു കൊണ്ട് 160,000 പേർ ഇന്റർനെറ്റിൽ അതു പകർത്തി പ്രചരിപ്പിച്ചെന്നു കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. അത് ഇന്ത്യയിൽ ഏറ്റവും പരിചിതമായ സാമുദായിക പേരുകളിൽ ഒന്നാണ്. ലോകമൊട്ടാകെയും. ആ പേരെടുത്തു പറഞ്ഞു വിദ്വേഷം ഇളക്കാൻ ശ്രമിക്കുമ്പോൾ അത് ഒരു സമുദായത്തെ മുഴുവൻ ലക്‌ഷ്യം വയ്ക്കുന്ന നടപടിയാണ്.
DHS removes anti-Sikh post after protests