
ലോകത്തിന്റെ കണ്ണുകൾ ഡൽഹിയിലേക്ക് തിരിയുമ്പോൾ, നഗരത്തിലെ ആഡംബര ഹോട്ടലുകളും ചരിത്രത്തിലെ നിർണായക നിമിഷത്തിന് സാക്ഷിയാകുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങി പ്രമുഖ രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി, ഡൽഹിയിലെ പ്രമുഖ ഹോട്ടലുകൾ ഇപ്പോൾ ഉന്നത തല നയതന്ത്രത്തിന്റെ താൽക്കാലിക കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഭാരത് മണ്ഡപത്തിലെ ഔദ്യോഗിക ചർച്ചകൾക്ക് പുറത്ത്, ഈ ഹോട്ടലുകളിലെ അടച്ചിട്ട വാതിലുകൾക്കപ്പുറം എന്തൊക്കെ കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും എന്ന ആകാംക്ഷയിലാണ് ലോകം.
30,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും ആന്റി ഡ്രോൺ സംവിധാനങ്ങളുമാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങിയ ലോകനേതാക്കൾക്കായി വെവ്വേറെ ഹോട്ടലുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി.
രാഷ്ട്രത്തലവന്മാർക്കും മന്ത്രിമാർക്കും നയതന്ത്രജ്ഞർക്കും അന്താരാഷ്ട്ര പ്രതിനിധികൾക്കുമായി ഡൽഹിയിലെ പ്രധാന 5-സ്റ്റാർ, ലക്ഷ്വറി ഹോട്ടലുകളിൽ 3,000-ത്തിലേറെ മുറികളാണ് ഇതിനകം റിസർവ് ചെയ്തിരിക്കുന്നത്. വിഐപി പ്രതിനിധികളുടെ വരവ് കാരണം നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലെ മുറി വാടക ഒറ്റരാത്രിക്ക് 2 ലക്ഷം രൂപ വരെ ഉയർന്നിട്ടുണ്ട്. താജ് പാലസ് ലീലാ പാലസ്, ഐടിസി മൗര്യ, ദ ഒബറോയ്, ലാ ലിറ്റ് തുടങ്ങിയ ഹോട്ടലുകളെല്ലാം തന്നെ വൻ സുരക്ഷാ മേഖലകളായി മാറിയിരിക്കുന്നു.
ഈ പട്ടികയിൽ പ്രധാന സ്ഥാനമാണ് ഹോട്ടൽ താജ് മാൻസിംഗിന് ലഭിച്ചിരിക്കുന്നത്. മാൻസിങ് റോഡിലുള്ള ഈ ആഡംബര ഹോട്ടൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രധാന പ്രതിനിധി സംഘങ്ങൾക്ക് താമസസൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങളിലൊന്നാണ്. ഉറുഗ്വേ, ഫിലിപ്പീൻസ്, ക്യൂബ, ബെലാറസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾക്കൊപ്പം ലോകാരോഗ്യ സംഘടനയുടെയും ലോക വ്യാപാര സംഘടനയുടെയും ഉന്നത നേതൃത്വവും ഇവിടെ എത്തുമെന്നാണ് റിപ്പോർട്ട്. അതായത്, രാഷ്ട്രീയ പ്രതിനിധികൾക്കൊപ്പം ആഗോള ആരോഗ്യ-വ്യാപാര നയങ്ങളെ സ്വാധീനിക്കുന്ന സ്ഥാപനങ്ങളുടെയും സാന്നിധ്യം ഇവിടെ ഉണ്ടാകും.
ഡോ. സാക്കിർ ഹുസൈൻ മാർഗിലുള്ള ദി ഒബറോയ് ഡൽഹിയും ബ്രിക്സ് അതിഥികളുടെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നാണ്. ബ്രസീൽ, കസാക്കിസ്ഥാൻ, എത്യോപ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇവിടെ താമസിക്കും.
കൊണാട്ട് പ്ലേസിന് സമീപമുള്ള ദി ലാലിത് ഡൽഹിയും ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രധാന ഹോട്ടലാണ്. ദക്ഷിണാഫ്രിക്ക, ബുറുണ്ടി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് ഇവിടെ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
വിൻഡ്സർ പ്ലേസിലെ ലെ മെറിഡിയൻ ഡൽഹിയിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് പ്രസിഡന്റ്, ന്യൂ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ഉന്നത നേതാക്കൾ എത്തുന്നുണ്ട്. ഉഗാണ്ട, നൈജീരിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇവിടെ താമസിക്കും.
അശോക റോഡിലെ ഷാങ്രി-ലായുടെ ഇറോസ് ഹോട്ടൽ പശ്ചിമേഷ്യൻ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളുടെ പ്രധാന താമസകേന്ദ്രമായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.
അതിഥികൾക്കായി ഇന്ത്യൻ പരമ്പരാഗത വിഭവങ്ങൾക്ക് പുറമേ റാഗി, ബാജ്ര തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ചുള്ള പ്രത്യേക വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആന്റി ഡ്രോൺ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വ്യോമ-കര സുരക്ഷാ സംവിധാനങ്ങളും വിവിഐപി റൂട്ടുകളിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.