
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർ ഈ ആഴ്ച അവസാനത്തോടെ തലസ്ഥാനത്തെത്തുന്ന സാഹചര്യത്തിൽ ചാണക്യപുരിയിലെ ഹോട്ടലുകളിൽ സുരക്ഷ ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സെപ്റ്റംബർ 11നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 12നും ഇന്ത്യയിലെത്തുമെന്നാണ് വിവരം.
ഇരു നേതാക്കളും പാലം എയർഫോഴ്സ് സ്റ്റേഷനിലാണ് വിമാനമിറങ്ങുക. തുടർന്ന് ചാണക്യപുരിയിലെ ഹോട്ടലുകളിലേക്ക് തിരിക്കും. "നേതാക്കൾ താമസിക്കാൻ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള സുരക്ഷാ സംഘങ്ങൾ ഇതിനകം എത്തിയിട്ടുണ്ട്. അത്യാധുനിക ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘങ്ങൾ എത്തിയിട്ടുള്ളത്. പ്രസിഡന്റുമാർ താമസിക്കുന്ന നിലകൾ മുതൽ ഹോട്ടലുകളുടെ മേൽക്കൂരയിലും താഴത്തെ നിലകളിലും വരെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്," എന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ ചുമതല ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിനാണ് നൽകിയിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് താമസിക്കുന്ന ഹോട്ടലിൽ വിവിധ ഷിഫ്റ്റുകളിലായി ഒരു അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെയും രണ്ട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർമാരെയും നിയോഗിച്ചിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരുടെ ഡൽഹിയിലെയും സ്വന്തം സംസ്ഥാനങ്ങളിലെയും പശ്ചാത്തല വിവരങ്ങൾ പൊലീസ് കർശനമായി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. രണ്ടു പ്രസിഡന്റുമാരും തങ്ങളുടെ അകമ്പടി വാഹനങ്ങൾ വിമാനമാർഗ്ഗം എത്തിക്കുമെന്നാണ് കരുതുന്നത്.
ഉച്ചകോടിയുടെ സുരക്ഷയ്ക്കായി വിമാനത്താവളം, ഹോട്ടലുകൾ, ഭാരത് മണ്ഡപം എന്നിവ ഉൾപ്പെടുത്തി ഏകദേശം 30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡൽഹി പൊലീസ് വിന്യസിച്ചിരിക്കുന്നത്. ഇവരിൽ പകുതിയോളം പേർ ഡൽഹി പൊലീസിൽ നിന്നുള്ളവരും ബാക്കിയുള്ളവർ അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. മികച്ച ഏകോപനത്തിനായി സുരക്ഷാ സംവിധാനത്തെ വിവിധ സെക്ടറുകളായി തിരിച്ച് ഓരോ സെക്ടറിന്റെയും ചുമതല ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്കോ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്കോ നൽകിയിട്ടുണ്ട്.
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഭൂരിഭാഗം വിദേശ പ്രതിനിധികൾക്കും ന്യൂഡൽഹിയിലെ വിവിധ ഹോട്ടലുകളിലാണ് താമസമൊരുക്കിയിരിക്കുന്നത്. ഇന്തോനേഷ്യൻ പ്രസിഡന്റ്, എത്യോപ്യൻ പ്രധാനമന്ത്രി, കസാക്കിസ്ഥാൻ പ്രസിഡന്റ്, തായ്‌ലൻഡ് ഉപപ്രധാനമന്ത്രി, ധനമന്ത്രി എന്നിവർ ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്. അബുദാബി കിരീടാവകാശിയും സൗദി അറേബ്യ, ബഹ്‌റൈൻ, ബ്രസീൽ എന്നിവിടങ്ങളിലെ ധനമന്ത്രിമാരും മറ്റൊരു ഹോട്ടലിൽ താമസിക്കും.