
ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന ഭരണകക്ഷി മുന്നണിക്ക് ഒടുവിൽ ഔദ്യോഗിക പേര് ലഭിച്ചു. 'സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്' എന്നാണ് സഖ്യത്തിന് നൽകിയിരിക്കുന്ന പേര്. ടിവികെ അധ്യക്ഷൻ വിജയ്, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) അധ്യക്ഷൻ തോൽ തിരുമാവളവൻ, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) അധ്യക്ഷൻ വൈകോ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) നേതാക്കൾ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ദൃശ്യങ്ങളും സഖ്യത്തിന്റെ പേരിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്
പുതിയ സഖ്യത്തിന്റെ പേരിൽ 'വിക്ടറി' എന്ന വാക്ക് ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഹിന്ദിയിൽ 'വിക്ടറി' എന്നത് 'വിജയ്' എന്ന അർഥം നൽകുന്നതിനൊപ്പം, തമിഴ്നാട് മുഖ്യമന്ത്രിയുടെ പേരിനോടും ഈ പേര് സാമ്യം പുലർത്തുന്നുണ്ട്. ബുധനാഴ്ച ചെന്നൈയിലെ ടിവികെ ആസ്ഥാനത്ത് കോൺഗ്രസ്, വിസികെ, എംഡിഎംകെ, ഐയുഎംഎൽ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് സഖ്യത്തിന് പേര് നൽകാനുള്ള തീരുമാനം ഉണ്ടായത്.
പനയൂരിൽ നടന്ന യോഗത്തിൽ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബി മാണിക്കം ടാഗോർ, കോൺഗ്രസ് രാജ്യസഭാംഗം പ്രവീൺ ചക്രവർത്തി, നിയമസഭയിലെ കോൺഗ്രസ് കക്ഷി നേതാവ് തരഹൈ കത്ബർട്ട് എന്നിവർ പങ്കെടുത്തു. എംഡിഎംകെ നേതാക്കളായ വൈകോയും മകൻ ദുരൈയും, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവനും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കളായ കെഎം കാദർ മൊഹിദീൻ, എഎം ഷാജഹാൻ, സയ്യിദ് ഫാറൂഖ് ബാഷ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മെയിൽ തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികൾ ചേർന്ന് തമിഴ്നാട് സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന യോഗത്തിലാണ് പുതിയ പേര് സംബന്ധിച്ച തീരുമാനം ഉണ്ടായത്.