
കോഴിക്കോട്: ഐസിയു പീഡനക്കേസിലെ അതിജീവിതയ്‌ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചകാര്യം വളരെ സന്തോഷം നൽകുന്നതാണെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നിരവധി തവണ താൻ നേരിട്ട പീഡനങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു പരിഗണനയും അന്ന് ലഭിച്ചിരുന്നില്ല. ഇപ്പോൾ പുതിയ സർക്കാർ നിലവിൽ വന്ന് മാസങ്ങൾക്കകം തന്നെ സർക്കാർ തന്‍റെ പ്രശ്‌നത്തിൽ ഇടപെടുകയും സഹായ ധനം പ്രഖ്യാപിക്കുകയും ചെയ്‌തത് നന്ദിയോടെ സ്‌മരിക്കുമെന്നും അതിജീവിത വ്യക്തമാക്കി.
കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രതികരണം. സമരസമിതി അംഗങ്ങൾ ഉൾപ്പെടെ സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള നിരവധി പേർ പിന്തുണയുമായി വന്നിട്ടുണ്ട്. അവർക്കെല്ലാം നന്ദി പറയുകയാണെന്നും അതിജീവിത പറഞ്ഞു. മെഡിക്കൽ കോളജ് ഐസിയുവിൽ നിന്നും നേരിട്ട പീഡനത്തെ കുറിച്ച് തുടർ അന്വേഷണത്തിന് വേണ്ടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും അതിജീവിത അറിയിച്ചു. തനിക്കെതിരെ നിന്ന ഡോക്‌ടർ പ്രീതി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും പുതിയ സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും അതിജീവിത വ്യക്തമാക്കി.