
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എം.എൽ.എയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി റിപ്പോർട്ട്. എം.എം. ഹസൻ അധ്യക്ഷനായ സമിതി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. അപവാദ പ്രചാരണം ഉണ്ടായപ്പോൾ പാർട്ടിയോട് പരാതിപ്പെടുന്നതിന് പകരം രമ്യ അനാവശ്യമായി വിവാദമുണ്ടാക്കിയെന്നും ഔദ്യോഗിക പദവിക്ക് ചേർന്ന പക്വതയോടെ ഇടപെടാനായില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
വിഷയത്തിൽ പരസ്യശാസന മതിയെന്നായിരുന്നു ആദ്യഘട്ടത്തിലെ ധാരണയെങ്കിലും, ഇന്നത്തെ കെ.പി.സി.സി യോഗത്തിൽ രമ്യയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പാർട്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയ സംഭവത്തിൽ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ, കെ.പി.സി.സി ഉപാധ്യക്ഷയായ രമ്യയെ ആ ചുമതലയിൽ നിന്ന് നീക്കാൻ എ.ഐ.സി.സിയോട് ശുപാർശ ചെയ്തേക്കുമെന്നാണ് സൂചന.
സമിതിയുടെ നോട്ടീസിനോട് ആദ്യഘട്ടത്തിൽ മുഖംതിരിച്ചുനിന്ന രമ്യ, ഇന്നലെയാണ് കമ്മീഷന് മുമ്പാകെ ഹാജരായി വിശദീകരണം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കളായ സജാദ്, പാളയം പ്രദീപ് എന്നിവരെ നേരത്തെ തന്നെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ചിറയിൻകീഴിൽ നടന്ന ഔദ്യോഗിക യോഗത്തിൽ എം.എൽ.എയുടെ പി.എയായ പാളയം പ്രദീപ് പങ്കെടുത്തതും കരാറുകാർക്ക് നിർദ്ദേശങ്ങൾ നൽകിയതുമാണ് പ്രാദേശിക തലത്തിൽ തർക്കങ്ങൾക്ക് കാരണമായത്. യോഗത്തിന്റെ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുന്നതിലും വലിയ കയ്യാങ്കളിയിൽ കലാശിക്കുന്നതിലും എത്തിയത്