
വാഷിങ്ടൺ: ആർട്ടിമിസ് II ദൗത്യത്തിലൂടെ ചന്ദ്രനെ ചുറ്റിയെത്തിയ നാസ ബഹിരാകാശ സഞ്ചാരികളായ വിക്ടർ ഗ്ലോവറും റീഡ് വൈസ്മാനും സെപ്റ്റംബറിൽ നാസയുടെ 'എമെറിറ്റസ്' പദ്ധതിയിലേക്ക് മാറും. ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലാണ് ഇരുവരും പുതിയ ചുമതലയിൽ തുടരുക.
ഉയർന്ന സാങ്കേതിക-പ്രൊഫഷണൽ പരിജ്ഞാനമുള്ള മുൻ ജീവനക്കാർക്ക് പരിശീലനവും മാർഗനിർദേശവും നൽകിക്കൊണ്ട് നാസയുമായി സഹകരിക്കാൻ അവസരമൊരുക്കുന്നതാണ് എമെറിറ്റസ് പദ്ധതി. അതേസമയം മറ്റ് അവസരങ്ങൾ തേടാനുള്ള സ്വാതന്ത്ര്യവും ഇവർക്ക് ലഭിക്കും.
ആർട്ടിമിസ് II ദൗത്യത്തിൽ കമാൻഡറായിരുന്ന വൈസ്മാനും പൈലറ്റായിരുന്ന ഗ്ലോവറും ക്രിസ്റ്റീന കോച്ചും കാനഡൻ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസനും ഉൾപ്പെട്ട നാലംഗ സംഘത്തിന്റെ ഭാഗമായിരുന്നു. നാസയുടെ എസ്എൽഎസ് റോക്കറ്റിൽ ഓറിയോൺ പേടകത്തിൽ വിക്ഷേപിക്കപ്പെട്ട സംഘം 10 ദിവസത്തെ ദൗത്യത്തിനിടെ ചന്ദ്രനെ ചുറ്റി. ഏപ്രിൽ 10ന് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയ സംഘം, അഞ്ച് പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ആദ്യ മനുഷ്യരായി.
നാവിക വൈമാനികനും ടെസ്റ്റ് പൈലറ്റുമായ ഗ്ലോവർ, ഓറിയോൺ പേടകത്തിന്റെയും അതിന്റെ സംവിധാനങ്ങളുടെയും അനുഭവം ഭാവിയിലെ ആർട്ടിമിസ് ദൗത്യങ്ങളിലേക്ക് കൈമാറുന്നതിൽ തുടർന്നും പങ്കാളിയാകും. വൈസ്മാൻ തന്റെ ബഹിരാകാശ ദൗത്യങ്ങളിലെ അനുഭവങ്ങളും അറിവും ഭാവി ദൗത്യങ്ങൾക്കായി നാസയിലെ സഹപ്രവർത്തകരുമായി പങ്കുവയ്ക്കും.
നാസ അഡ്മിനിസ്ട്രേറ്റർ ജാരഡ് ഐസക്മാൻ ഇരുവരുടെയും നേതൃത്വത്തെയും സേവന മനോഭാവത്തെയും പ്രശംസിച്ചു. ആർട്ടിമിസ് III ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ദൗത്യങ്ങൾക്കായി ഗ്ലോവറും വൈസ്മാനും കൈമാറുന്ന അറിവ് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിമിസ് IV ദൗത്യത്തിലൂടെ 2028ൽ അമേരിക്കൻ ബഹിരാകാശ സഞ്ചാരികളെ വീണ്ടും ചന്ദ്രന്റെ ഉപരിതലത്തിലെത്തിക്കാനാണ് നാസയുടെ ലക്ഷ്യം.