
സെപ്റ്റംബർ 11 മഹാദുരന്തത്തിൽ ഭീകരരുടെ ഇരകളായി മരിച്ചവർക്കു ചൊവാഴ്ച്ച യുഎസ് ആദരാഞ്ജലി അർപ്പിച്ചു. ആക്രമണത്തിന്റെ 25ആം വാർഷികത്തിൽ വൈറ്റ് ഹൗസിനു സമീപം എലിപ്സിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ട്രംപ് അമേരിക്കയുടെ പ്രിയപ്പെട്ട പ്രതിജ്ഞ ആവർത്തിച്ചു: "നമ്മൾ ഒരിക്കലും മറക്കില്ല."
അൽ ഖൈദ ഭീകരർ അടിച്ചു തകർത്ത വേൾഡ് ട്രേയ്ഡ് സെന്ററിൽ നിന്നു 10,500 മൈൽ സഞ്ചരിച്ചെത്തിയ 16,000 പൗണ്ട് സ്റ്റീൽ ബീമിനു സമീപം നിന്നു പ്രസിഡന്റ് അനുസ്മരണം നടത്തുമ്പോൾ ആദ്യ രക്ഷാ പ്രവർത്തകർ, ഗോൾഡ് സ്റ്റാർ കുടുംബങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തിൻറെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രെസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സൗത്ത് ടവറിന്റെ 78ആം നിലയിൽ നിരവധി ജീവനുകൾ രക്ഷിച്ച 24കാരൻ വെല്ലസ് ക്രൊവ്തർക്കു മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. ആ രക്ഷാ പ്രവർത്തനത്തിൽ സ്വന്തം ജീവൻ നഷ്ടപ്പെട്ട യുവാവിനെ 'ശിരസിൽ വർണത്തൂവാല അണിഞ്ഞ മനുഷ്യൻ' എന്നാണ് രാജ്യം ഓർമിക്കുന്നത്.
ക്രൊവ്തറുടെ 'അമ്മ അലിസൻ, സഹോദരി പെയ്ജ് എന്നിവർ ചേർന്ന് ബഹുമതി ഏറ്റു വാങ്ങി. "ലോകം സ്വന്തമായി ലഭിച്ച പോലെയായി എനിക്കിത്," അലിസൻ പറഞ്ഞു. "എന്റെ പുത്രിമാർക്കും. വരും തലമുറകൾ ഇതു കാത്തു സൂക്ഷിക്കും."
ന്യൂ യോർക്ക് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ജെഫ്രി പലാസോയുടെ പേരിൽ ഒരു പെട്രോൾ യാനം കോസ്റ്റ് ഗാർഡ് ഇറക്കുമെന്നു ട്രംപ് അറിയിച്ചു. കോസ്റ്റ് ഗാർഡ് റിസർവിസ്റ്റ് കൂടി ആയിരുന്ന പലാസോ 9/11 ആക്രമണത്തിൽ മരിച്ച 343 ഫയർ സർവീസ് ഭടന്മാരിൽ ഒരാളായി.
ആർക്കും തകർക്കാൻ കഴിയാത്ത അമേരിക്കൻ ധീരതയുടെ പ്രതീകമാണ് സ്റ്റീൽ ബീമെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച്ച ന്യൂ യോർക്കിലെ അനുസ്മരണത്തിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പങ്കെടുക്കുമ്പോൾ ട്രംപ് പെന്റഗണിൽ എത്തും.
Trump honours heroes of 9/11 at DC event