
ന്യൂഡൽഹി: പാരീസിലെ ഈഫൽ ടവർ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണത്തെ തുടർന്നുണ്ടായ വിവാദത്തിൽ നിന്ന് കേന്ദ്ര സർക്കാർ അകലം പാലിച്ചു. സംഭവത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കില്ലെന്നും വിഷയം ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈഫൽ ടവറിന് സമീപം ബാപ്‌സ് (BAPS) ക്ഷേത്രം ഉദ്ഘാടനം ചെയ്തതിനെക്കുറിച്ച് ഇന്ത്യയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. എന്നാൽ ഈഫൽ ടവർ സന്ദർശനവുമായി ബന്ധപ്പെട്ട തർക്കം 'ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള വിഷയം' മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 5ന് ബാപ്‌സുമായി ബന്ധപ്പെട്ട 100ഓളം പേരടങ്ങുന്ന സംഘം ഈഫൽ ടവർ സന്ദർശിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. സംഘത്തിന്റെ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരോട് ജോലിസ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാനും ചില മേഖലകളിലേക്ക് പ്രവേശിക്കാതിരിക്കാനും നിർദേശം നൽകിയെന്നാണ് ജീവനക്കാരുടെ ആരോപണം. ചില വനിതാ ജീവനക്കാരെ പുരുഷ സഹപ്രവർത്തകർ ഉപയോഗിച്ച് മാറ്റിനിർത്തിയെന്നും ആരോപണമുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ഈഫൽ ടവർ ജീവനക്കാർ സെപ്റ്റംബർ 7ന് പണിമുടക്കിയതോടെ ടവർ ഒരു ദിവസം പൂർണമായി അടച്ചിട്ടു. ജീവനക്കാരും മാനേജ്‌മെന്റും നടത്തിയ ചർച്ചകൾക്ക് പിന്നാലെ സെപ്റ്റംബർ 8ന് ടവർ വീണ്ടും തുറന്നു.
ഈഫൽ ടവർ നടത്തുന്ന SETE, സന്ദർശക സംഘത്തിന്റെ ഭാഗത്തുനിന്ന് വനിതകളുമായുള്ള 'ഇടപെടലുകൾ പരിമിതപ്പെടുത്തണമെന്ന' ആവശ്യം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഇത്തരം വ്യവസ്ഥകൾ അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും കമ്പനി പിന്നീട് വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാരീസ് മേയർ ഇമ്മാനുവൽ ഗ്രിഗ്വാർ അറിയിച്ചു. വനിതകളെ പൊതുജീവിതത്തിൽ നിന്ന് അദൃശ്യമാക്കാൻ ഫ്രാൻസിൽ ആരെയും അനുവദിക്കില്ലെന്ന് നാഷണൽ അസംബ്ലി പ്രസിഡന്റ് യായേൽ ബ്രൗൺ-പിവെയും പ്രതികരിച്ചു. മതമോ വിശ്വാസമോ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ നിയമങ്ങൾക്ക് മുകളിലല്ലെന്ന് സമത്വ മന്ത്രി ഓറോർ ബെർഗെയും വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങൾ ബാപ്‌സ് നിഷേധിച്ചു. വലിയ സംഘമായതിനാലും മറ്റ് സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുമായി ഈഫൽ ടവർ മാനേജ്‌മെന്റുമായി മുൻകൂട്ടി ക്രമീകരണങ്ങൾ നടത്തിയിരുന്നുവെന്നാണ് സംഘടനയുടെ വിശദീകരണം. ആരെയും ഈഫൽ ടവറിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടില്ലെന്നും സംഭവത്തിൽ ആർക്കെങ്കിലും 'വേദനയോ അസൗകര്യമോ' ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും ബാപ്‌സ് അറിയിച്ചു.
ഗുജറാത്ത് ആസ്ഥാനമായ ബാപ്‌സുമായി കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അടുത്ത ബന്ധമുണ്ടെന്ന പശ്ചാത്തലത്തിലാണ് വിവാദത്തിൽ കേന്ദ്രത്തിന്റെ നിലപാട് ശ്രദ്ധേയമായത്. പാരീസിന് സമീപത്തെ ബാപ്‌സ് ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസാ വീഡിയോ സന്ദേശവും നൽകിയിരുന്നു.