
എഫ് ബി ഐ തന്റെ ഫോൺ കോളുകൾ ചോർത്തിയെന്നു ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റെപ്. സുഹാസ് സുബ്രമണ്യം അറിയിച്ചു. വിർജീനിയയിലെ ഒരു മുതിർന്ന ജനപ്രതിനിധിയുമായുള്ള സംഭാഷണം ചോർത്തിയത് ഒരു അന്വേഷണത്തിന്റെ ഭാഗമായാണെന്നു എഫ് ബി ഐയും ജസ്റ്റിസ് ഡിപ്പാർട്മെന്റും തന്നെ അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
"ഇത് അങ്ങേയറ്റം ആശങ്ക ഉയർത്തുന്ന കാര്യമാണ്," സുബ്രമണ്യം പറഞ്ഞു. "അങ്ങേയറ്റം സംശയകരവുമാണ്."
വിർജീനിയ 10ആം ഡിസ്ട്രിക്ടിന്റെ പ്രതിനിധിയായ സുബ്രമണ്യം പറയുന്നത് സംസ്ഥാന സെനറ്റ് പ്രസിഡന്റ് പ്രൊ ടെംപോർ ആയ ലൂയി ലൂക്കാസുമായുള്ള സംഭാഷണമാണ് ചോർത്തിയതെന്നാണ്. അദ്ദേഹത്തെ കുറിച്ച് അവർ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു നടപടി.
മാർച്ചിനും മേയ് മാസത്തിനും ഇടയിലായിരുന്നു ചോർത്തൽ. വിർജിനിയക്കു ഏറെ പ്രാധാന്യമുള്ള സമയമായിരുന്നു അത്. ഡിസ്ട്രിക്ടുകളുടെ പുനർ നിർണയം സംബന്ധിച്ച ജനാഭിപ്രായ വോട്ടെടുപ്പിന് സംസ്ഥാനത്തു പ്രചാരണം നടക്കുന്ന സമയം.
"അതു കൊണ്ട് അത് വളരെ സംശയകരമായ നടപടിയാണ്," സുബ്രമണ്യം പറഞ്ഞു.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനെ കുറിച്ചുള്ള അന്വേഷണത്തിനു മുൻ അറ്റോണി ജനറൽ പാം ബോണ്ടിയെ കോൺഗ്രസ് ചോദ്യം ചെയ്യുന്ന സമയവും ആയിരുന്നു അത്. "ഒരു പ്രസിഡന്റിന്റെ ആവശ്യത്തിനു മാത്രമല്ല അമേരിക്കൻ ജനതയ്ക്കു വേണ്ടിയാണു ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് പ്രവർത്തിക്കേണ്ടതെന്നു ബോധ്യമുള്ള ആർക്കും ആശങ്ക ഉയർത്തുന്ന സ്ഥിതിയാണിത്."
ഡി ഓ ജെയെ രാഷ്ട്രീയ ആയുധമാക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നതെന്നു സുബ്രമണ്യം ആരോപിച്ചു. "ട്രംപിന്റെ ഡി ഓ ജെ അദ്ദേഹത്തിന്റെ സ്വന്തം അഭിഭാഷക സ്ഥാപനമായി. ട്രംപിന്റെ മുൻ അഭിഭാഷകൻ തന്നെ അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നു. അവർ നിരവധി സ്റ്റേറ്റ് അറ്റോണി ജനറൽമാരെയും മുൻ എഫ് ബി ഐ ഡയറക്റ്ററെയും രാഷ്ട്രീയ അന്വേഷണത്തിനു വിധേയമാക്കി.
എഫ് ബി ഐ സുബ്രഹ്മണ്യത്തിന്റെ ആരോപണങ്ങൾക്കു മറുപടി നൽകിയിട്ടില്ല.
ഇതു കൊണ്ടൊന്നും ട്രംപ് ഭരണകൂടത്തിന്റെ നടപടികളെ ചോദ്യം ചെയ്യുന്നതിൽ നിന്നു ഡെമോക്രാറ്റുകൾ പിന്തിരിയില്ലെന്നു സുബ്രമണ്യം പറഞ്ഞു. "ഈ പ്രസിഡന്റിനും അദ്ദേഹത്തിന്റെ അഴിമതി ഭരണകൂടത്തിനും എതിരെ അന്വേഷണം നടത്തുന്നതിൽ നിന്നു ഡെമോക്രാറ്റ്സ് പിന്തിരിയില്ല."
FBI monitored my calls: Suhas Subramanyam