
കേരളത്തിലെ പൊതുനിരത്തുകളിൽ 2026 ജൂൺ 15 മുതൽ ഓടിത്തുടങ്ങിയ പ്രിയദർശിനി ബസുകൾ വെറുമൊരു സൗജന്യ യാത്രാപദ്ധതിയല്ല, മറിച്ച് ലക്ഷക്കണക്കിന് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായിരുന്നു. സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വ്യക്തികളുടെയും സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ വിപ്ലവകരമായ പദ്ധതിയിലൂടെ ഇതിനോടകം കോടിക്കണക്കിന് സൗജന്യ യാത്രകൾ നടന്നുകഴിഞ്ഞു.
എന്നാൽ, ടിക്കറ്റ് ചാർജ് പൂർണമായും ഒഴിവാക്കിയതോടെ ബസുകളിൽ അനുഭവപ്പെടുന്ന അമിത തിരക്ക് സ്ത്രീകളുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷയ്ക്ക് വലിയൊരു വെല്ലുവിളിയായി മാറുകയാണ്. ഇത്തരമൊരു പദ്ധതി നൽകുന്ന സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം, ഈ തിരക്ക് മൂലം സ്ത്രീകളും വിദ്യാർഥികളും അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഗൗരവത്തോടെ കാണേണ്ടതും അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുമാണ്.
ജനപ്രിയതയ്ക്കൊപ്പം ഉയരുന്ന സുരക്ഷാ ആശങ്കകൾ യു.ഡി.എഫ് സർക്കാറിന്റെ ഇന്ദിരാഗാന്ധി ഗ്യാരന്റികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതി, സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനും അവരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും വലിയ പങ്ക് വഹിക്കുന്നുണ്ട്. ആദ്യമാസത്തിൽ തന്നെ 3.81 കോടി സൗജന്യ യാത്രകളാണ് ഈ പദ്ധതിയിലൂടെ രേഖപ്പെടുത്തിയത്.
സ്ത്രീയാത്രക്കാരുടെ പ്രതിദിന എണ്ണം 6 ലക്ഷത്തിൽ നിന്ന് 12 ലക്ഷത്തിലേക്ക് ഉയർന്നത് ഇതിന്റെ സ്വീകാര്യത വ്യക്തമാക്കുന്നു. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയാനും പൊതുഗതാഗതത്തിലേക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടാനും ഇത് വഴിവെച്ചു. ഇതുവഴി റോഡുകളിലെ തിരക്കും അന്തരീക്ഷ മലിനീകരണവും ഒരുപരിധിവരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
പ്രിയദർശിനി സ്റ്റിക്കർ പതിപ്പിച്ച 3,125-ഓളം കെ.എസ്.ആർ.ടി.സി ബസുകളിലാണ് ഈ ആനുകൂല്യമുള്ളത്. പദ്ധതിക്കായി പ്രതിമാസം ചെലവാകുന്ന 60 കോടിയോളം രൂപ സർക്കാർ സബ്സിഡിയായി കെ.എസ്.ആർ.ടി.സിക്ക് തിരികെ നൽകുന്നുമുണ്ട്. എന്നാൽ, ഈ ജനപ്രിയ പദ്ധതി കെ.എസ്.ആർ.ടി.സി ബസുകളിൽ സൃഷ്ടിക്കുന്ന അമിത തിരക്ക് ഗുരുതരമായ സുരക്ഷാ ഭീഷണികൾക്കും അപകടങ്ങൾക്കും കാരണമാകുന്നത് ആശങ്കാജനകമാണ്. ഈ മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ നാലഞ്ചോളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തിരുവനന്തപുരം പൊൻമുടിയിൽ അമിത തിരക്ക് കാരണം ബസിന്റെ ബ്രേക്ക് തകരാറിലാവുകയും, ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രം 80-ഓളം യാത്രക്കാർ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്ത സംഭവം ഇതിനൊരു ഉദാഹരണമാണ്. പ്രത്യേകിച്ച് മലയോര മേഖലകളിൽ ഇത്തരത്തിൽ പരിധിയിലധികം യാത്രക്കാരുമായി സർവീസ് നടത്തുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. മറ്റൊരു സംഭവത്തിൽ, കടുത്ത തിരക്കുമൂലം ഡോറിന് സമീപം നിന്ന കണ്ടക്ടർക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും, ഡോർ അപ്രതീക്ഷിതമായി തുറന്ന് അദ്ദേഹം പുറത്തേക്ക് വീഴുകയും ചെയ്തു.
പഴയ ഓർഡിനറി ബസുകളാണ് പ്രിയദർശിനി സർവീസിനായി ഉപയോഗിക്കുന്നത് എന്നതിനാൽ, അമിതഭാരം എൻജിൻ തകരാറുകൾക്കും വഴിതുറക്കുന്നു. എന്നാൽ, ബസുകളിൽ ആളുകൾ അമിതമായി കയറുന്നത് തടയാൻ കണ്ടക്ടർമാർക്ക് സാധിക്കാത്തത് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും കാറ്റിൽപ്പറത്തുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര പ്രായോഗിക പരിഹാരങ്ങൾ റോഡുകളിലെ അപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സർക്കാരിന് മുന്നിൽ കൃത്യമായ ചില അടിയന്തര പരിഹാരമാർഗ്ഗങ്ങളുണ്ട്. തിരക്കേറിയ റൂട്ടുകൾ മുൻകൂട്ടി കണ്ടെത്തി അവിടെ കൂടുതൽ ഓർഡിനറി ബസുകൾ സർവീസിന് ഇറക്കുകയാണ് ഇതിൽ പ്രധാനം.
ചെറിയ അറ്റകുറ്റപ്പണികൾ കാരണം ഓടാതെ കിടക്കുന്ന പഴയ ബസുകൾ വേഗത്തിൽ നന്നാക്കി നിരത്തിലിറക്കിയാൽ തന്നെ നിലവിലെ യാത്രാത്തിരക്ക് പകുതിയായി കുറയ്ക്കാൻ സാധിക്കും. കൂടാതെ, ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും ആളുകൾ പോകുന്ന രാവിലെയും വൈകുന്നേരവുമുള്ള തിരക്കുള്ള സമയങ്ങളിൽ പ്രത്യേക ലേഡീസ് സർവീസുകൾ ആരംഭിക്കുന്നത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുവായുള്ള അമിത തിരക്കിന് വലിയൊരു ആശ്വാസമാവുകയും ചെയ്യും. അതോടൊപ്പം, കെ.എസ്.ആർ.ടി.സി ബസുകളിലെ അമിത തിരക്ക് കാരണം നിലവിൽ വലിയ നഷ്ടം നേരിടുന്ന സ്വകാര്യ ബസ് മേഖലയെക്കൂടി ഇതിൽ പരിഗണിക്കേണ്ടതുണ്ട്.
നമ്മുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന തൂണുകളിലൊന്നായ സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിക്കുകയും, അതിനുള്ള തുക സർക്കാർ ഉടമകൾക്ക് സബ്സിഡിയായി നൽകുകയും ചെയ്താൽ കെ.എസ്.ആർ.ടി.സിയിലെ തിരക്ക് ഒഴിവാക്കാൻ സാധിക്കും. വാതിലിലൂടെ പുറത്തേക്ക് വീഴുന്നതും ഫുട്ബോർഡ് യാത്ര മൂലം ഉണ്ടാകുന്നതുമായ അപകടങ്ങൾ പൂർണമായി തടയുന്നതിന് ബസുകളിൽ ഓട്ടോമാറ്റിക് വാതിലുകൾ ഘടിപ്പിക്കുന്നത് വളരെ ഉചിതമായ തീരുമാനമായിരിക്കും. പ്രിയദർശിനി പദ്ധതി സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിച്ചു എന്നത് യാഥാർത്ഥ്യമാണെങ്കിലും, ബസുകളിലുണ്ടാകുന്ന അനിയന്ത്രിതമായ അമിതതിരക്ക് അവരുടെ വ്യക്തിപരമായ സുരക്ഷയെയും മാനസികാവസ്ഥയെയും സാരമായി ബാധിക്കുന്നുണ്ട്.
കടുത്ത തിരക്കിന്റെ മറവിൽ ഉണ്ടാകുന്ന അനാവശ്യ സ്പർശനങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഇനി തിരിച്ചറിഞ്ഞാൽ തന്നെ പ്രതികരിക്കാനോ ബഹളം വെക്കാനോ പോലും സാധിക്കാത്ത വിധം സ്ത്രീകൾ തിരക്കിൽ പെട്ടുപോകുന്നു. സുരക്ഷിതമായി നിൽക്കാൻ പോലും ഇടമില്ലാത്ത സാഹചര്യമുണ്ടാകുമ്പോൾ, ഈ സൗജന്യ പദ്ധതി ഒഴിവാക്കി വലിയ തുക ചെലവഴിച്ച് ഓട്ടോകളെയും മറ്റും ആശ്രയിക്കാൻ സ്ത്രീകൾ നിർബന്ധിതരാകും. ഇത് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന ഒന്നായി മാറും. കൂടാതെ, ബസുകളിൽ സ്ത്രീകൾക്കും ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കുമായി മാറ്റിവെച്ചിട്ടുള്ള സംവരണ സീറ്റുകളുടെ പ്രയോജനവും അമിത തിരക്കുമൂലം ഇല്ലാതാവുകയാണ്. ഗർഭിണികൾക്കും പ്രായമായവർക്കും ഈ സീറ്റുകളിലേക്ക് നടന്നെത്താൻ പോലും സാധിക്കാത്ത വിധമാണ് ബസുകളിലെ തിരക്ക്.
ബസ് സ്റ്റോപ്പുകളിൽ വാഹനം നിർത്തുമ്പോൾ ഉണ്ടാകുന്ന യാത്രക്കാരുടെ ഇരച്ചുകയറ്റം സ്ത്രീകളുടെ സുരക്ഷയെ മോശമായി ബാധിക്കുക മാത്രമല്ല, പ്രായമായവർ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുന്ന വലിയ അപകടസാധ്യതയും സൃഷ്ടിക്കുന്നുണ്ട്. സ്ത്രീകൾക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുക്കുന്നത് പോലെ തന്നെ നിർണായകമാണ് അവരുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുക എന്നതും. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബസുകൾ നിരത്തിലിറക്കുന്നതും ബസുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതും അവർക്കെതിരായ അതിക്രമങ്ങൾക്ക് ഒരുപരിധി വരെ തടയിടാൻ വലിയ രീതിയിൽ സഹായിക്കും.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം വിദ്യാർഥികൾ നേരിടുന്ന പ്രയാസങ്ങളാണ്. ബസുകളിലെ അമിതമായ സ്ത്രീകളുടെ തിരക്ക് കാരണം, പ്രത്യേകിച്ച് ആൺകുട്ടികൾ, യാത്ര ചെയ്യാൻ ഏറെ ബുദ്ധിമുട്ടുകയാണ്. കൺസഷൻ ടിക്കറ്റ് എടുക്കുന്ന വിദ്യാർഥികളെ കയറ്റിയാൽ നഷ്ടമുണ്ടാകുമെന്ന ചിന്തയാൽ സ്വകാര്യ ബസുകളും അവരെ പൂർണമായും അവഗണിക്കുന്നു.
മറുവശത്ത്, പ്രിയദർശിനി പദ്ധതി കാരണം സ്കൂൾ ബസുകളിൽ പെൺകുട്ടികളുടെ എണ്ണം കുറഞ്ഞതോടെ സ്കൂൾ മാനേജ്മെന്റുകൾ സാമ്പത്തികമായി തളരുകയും ഫീസ് വർദ്ധിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ബസുകളിൽ കയറാൻ കഴിയാതെ അടുത്ത ബസിനായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നത് കുട്ടികൾ സ്കൂളിലെത്തുന്നതും വീട്ടിലേക്ക് മടങ്ങുന്നതും വൈകിപ്പിക്കുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെയും പഠനത്തിലെ പുരോഗതിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ചുരുക്കത്തിൽ, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക പങ്കാളിത്തവും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതി തികച്ചും വിപ്ലവകരവും സ്വാഗതാർഹവുമാണ്. എന്നാൽ, ഏത് മഹത്തായ പദ്ധതിയുടെയും വിജയവും നിലനിൽപ്പും അതിലെ പ്രായോഗികമായ പോരായ്മകൾ എത്രത്തോളം വേഗത്തിൽ തിരുത്തപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
യാത്രാക്കാരുടെ അമിത തിരക്ക് സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികളും അപകടങ്ങളും, വിദ്യാർഥികൾ നേരിടുന്ന യാത്രാദുരിതവും, സ്വകാര്യ ഗതാഗത മേഖല അനുഭവിക്കുന്ന പ്രതിസന്ധിയും കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിനാവില്ല. ജനങ്ങളുടെ അന്തസ്സും സുരക്ഷയും ജീവനും ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ ഇത്തരം ക്ഷേമപദ്ധതികൾ പൂർണ അർത്ഥത്തിൽ വിജയം കാണൂ. കൂടുതൽ സർവീസുകൾ അനുവദിച്ചും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും, സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ചും നിലവിലെ പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം. ജനപ്രിയതയ്ക്കൊപ്പം കാര്യക്ഷമമായ ആസൂത്രണം കൂടി ചേരുമ്പോൾ മാത്രമേ പ്രിയദർശിനി പദ്ധതി വിഭാവനം ചെയ്ത യഥാർത്ഥ ലക്ഷ്യത്തിലേക്ക് നാടിന് എത്താനാകൂ.