
ന്യൂഡൽഹി: ബിജെപിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന എസ്‌ഐആർ എന്ന് കോണ്‍ഗ്രസ് രാജ്യസഭാ എംപി കപിൽ സിബൽ ആരോപിച്ചു. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നത് നിർത്താന്‍ സുപ്രീം കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആർ) ബിജെപിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്നും മുൻ കേന്ദ്രമന്ത്രി ആരോപിച്ചു.
"പുറന്തള്ളലിന് രാഷ്ട്രീയമുണ്ട്, . ബിജെപി ഏജൻ്റുമാർ മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്നു, കൂടുതൽ പേരെ ഒഴിവാക്കുന്നു. സുപ്രീം കോടതി ഇത് നിർത്തേണ്ടതുണ്ട്!" സിബൽ എക്‌സിൽ പറഞ്ഞു. "എസ്‌ഐആർ ഒരു പ്രക്രിയയാണ്: വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുക. ബിജെപിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ സഹായിക്കുക എന്നതാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. ജാർഖണ്ഡിൽ ബിജെപി പ്രവർത്തകർ ഫോം ഏഴ് എന്നറിയപ്പെടുന്ന ബൾക്ക് ഫോമുകൾ ഫയൽ ചെയ്യുന്നുണ്ടെന്ന് സിബൽ പറഞ്ഞു.
ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ, ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള വോട്ടർമാരെ ഇല്ലാതാക്കാൻ ബിജെപി ഏജൻ്റുമാർ ശ്രമം നടത്തുന്നതിൽ ബൂത്ത് ലെവൽ ഓഫീസർമാർ ആശങ്ക പ്രകടിപ്പിക്കുന്നുവെന്ന് പറയുന്ന ദി ഇന്ത്യൻ എക്‌സ്‌പ്രസിൽ വന്ന ഒരു റിപ്പോർട്ടിനെ തുടർന്നാണ് സിബലിൻ്റെ പരാമർശം. അന്വേഷണം നടന്നപ്പോൾ മുസ്ലീം സമുദായത്തിൽപ്പെട്ട ആളുകളെയാണ് അവർ ഒഴിവാക്കാൻ ലക്ഷ്യമിട്ടതെന്ന് കണ്ടെത്തിയെന്നും സിബൽ പറഞ്ഞു.
'ആ ആളുകളെ അഭിമുഖം നടത്തിയപ്പോൾ വർഷങ്ങളായി അവരുടെ കുടുംബങ്ങൾ അവിടെ താമസിച്ചുവരികയാണെന്ന് അവർ പറഞ്ഞു. ബിജെപി പ്രവർത്തകർ ബൾക്ക് ഫോമുകൾ ഉപയോഗിച്ച് പേരുകൾ നീക്കം ചെയ്യാൻ ശ്രമിച്ച മുസ്ലീങ്ങൾ വർഷങ്ങളായി അവിടെ താമസിക്കുന്നവരാണെന്ന് കണ്ടെത്തി. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ, ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതിൻ്റെ അർത്ഥമെന്താണ്?' അദ്ദേഹം ചോദിച്ചു.
"അതിനാൽ ഇത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്, കോടതികൾ ഈ വിഷയം ശ്രദ്ധിക്കുന്നില്ലെങ്കിൽ, കോടതികൾ എസ്‌ഐആർ നടപടിക്രമം ഒരു നിഷ്‌പക്ഷ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റേതാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ, നമ്മൾ ആഴത്തിലുള്ള പ്രശ്‌നത്തിലാണെന്ന് ഞാൻ കരുതുന്നു - ഇത് ജനാധിപത്യത്തെ കുഴപ്പത്തിലാക്കും" സിബൽ പറഞ്ഞു.
"ഉദാഹരണത്തിന്, ഡൽഹിയിൽ തന്നെ, ഏകദേശം 45 ലക്ഷം മുതൽ 47 ലക്ഷം വരെ പേരുകൾ വെട്ടിക്കുറച്ചിട്ടുണ്ട്, ഇല്ലാതാക്കിയിട്ടുണ്ട്. ഇപ്പോൾ എത്ര പേരുകൾ പുനഃസ്ഥാപിക്കപ്പെടുമെന്ന് എനിക്കറിയില്ല, പക്ഷേ അത് ഡൽഹിയിലെ മൊത്തം വോട്ടർമാരുടെ ഏകദേശം 23-24 ശതമാനമാണ്, അതായത് 1.5 കോടി" അദ്ദേഹം പറഞ്ഞു.