
പൂനെ: അജിത് പവാറിൻ്റെ മരണത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത്എന്തുകൊണ്ടെന്ന് എൻസിപി (ശരദ് പവാർ) വർക്കിങ് പ്രസിഡന്‍റ് സുപ്രിയ സുലെ ചോദിച്ചു. എംഎൻഎസ് നേതാവ് അമിത് താക്കറെയ്‌ക്കെതിരെ മഹാരാഷ്ട്ര സർക്കാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്തതിനാണ് അമിത് താക്കറെയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. പൂനെയിലെ സർക്കാർ പോളിടെക്‌നിക്കിലെ ഓഫീസ് ചുമരിൽ നിന്ന് നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്‌തതിനാണ് നടപടി. എ
ന്നാൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ യാതൊരു നടപടിയും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇതുവരെയും ഉണ്ടായില്ല. ഒരു വിമാനാപകടത്തിലാണ് അദ്ദേഹത്തിന് ജീവൻ നഷ്‌ടമായതെന്നും അവർ കൂട്ടിച്ചേർത്തു
'അജിത് പവാർ മരണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? ഞങ്ങളുടെ കുടുംബത്തിലെ ഒരു വ്യക്തിയെയും ഒരു നേതാവിനെയുമാണ് ഞങ്ങൾക്ക് നഷ്‌ടപ്പെട്ടത്. എൻസിപി നിലവിലെ സർക്കാരിൻ്റെ ഭാഗമാണ്, അവരുടെ 40 എംഎൽഎമാരിൽ ഒരാൾ പോലും അജിത് പവാറിൻ്റെ മരണത്തിൽ എഫ്‌ഐആർ ആവശ്യപ്പെടുകയോ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഒരു വാക്ക് പോലും പറയുകയോ ചെയ്‌തിട്ടില്ല, ഞങ്ങൾക്ക് മാത്രമാണ് നഷ്‌ടങ്ങളുണ്ടായത്, അവർ അധികാരം ആസ്വദിക്കുകയാണ്," സുപ്രിയ സുലെ വിമർശിച്ചു.
താനെയിൽ വരാനിരിക്കുന്ന റിംഗ് മെട്രോ, ആമസോൺ ഡാറ്റ സെൻ്റർ എന്നീ വലിയ പദ്ധതികളിൽ നാട്ടുകാർക്കുള്ള വിയോജിപ്പും അവർ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി എതിർപ്പ് അറിയിച്ചു. നഗരത്തിൽ വരുന്ന ആമസോൺ ഡാറ്റാ സെൻ്ററിനെക്കുറിച്ച് ചില പ്രദേശവാസികൾ തന്നെ സമീപിച്ചിരുന്നുവെന്നും എതിർപ്പ് അറിയിച്ചെന്നും അവർ വ്യക്തമാക്കി.
കോടിക്കണക്കിന് രൂപയുടെ റിംഗ് മെട്രോ പദ്ധതിയെ വിമർശിച്ച സുപ്രിയ സുലെ, താനെ നിവാസികൾക്ക് നല്ലൊരു പൊതു ബസ് സർവീസ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. ചെലവേറിയ പദ്ധതികൾ മാത്രമേ ഈ സർക്കാർ ആഗ്രഹിക്കുന്നുള്ളൂ. ദരിദ്രർക്കും, പിന്നാക്കം നിൽക്കുന്നവർക്കും ഇരകളാക്കപ്പെടുന്നവർക്കും ഫണ്ടില്ല, പക്ഷേ ചെലവേറിയ പദ്ധതികൾക്കായി ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കാൻ ഖജനാവിൽ പണം ഉണ്ട്. മഹാരാഷ്ട്രയിലെവിടെ സഞ്ചരിച്ചാലും റോഡുകളിലുടനീളം കുഴികൾ കാണാം.
അടിസ്ഥാന സൗകര്യങ്ങൾ അവഗണിച്ചുകൊണ്ട് ചെലവേറിയ വലിയ പദ്ധതികളിലാണ് ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എംപി ആരോപിച്ചു. ഏറ്റവും പുതിയ ജിഡിപി വളർച്ചാ കണക്കുകൾ ആഘോഷിക്കുകയാണ് ബിജെപി. എന്നാൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള സാമ്പത്തിക വിദഗ്‌ധരുടെ വീക്ഷണങ്ങളും ഔദ്യോഗിക ഡാറ്റയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും സുപ്രിയ സുലെ അഭിപ്രായപ്പെട്ടു.