Image

ജയിലുകളിൽ ദളിത് തടവുകാരെക്കൊണ്ട് തോട്ടിപ്പണി; കർശന അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

Published on 02 September, 2026
ജയിലുകളിൽ ദളിത് തടവുകാരെക്കൊണ്ട് തോട്ടിപ്പണി;  കർശന അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ: തമിഴ്നാട്ടിലെ സെൻട്രൽ ജയിലുകളിൽ ജാതിവിവേചനത്തിന്റെ ഭാഗമായി ദളിത് തടവുകാരെ നിർബന്ധിച്ച് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിയോഗിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. മധുര, തിരുച്ചിറപ്പള്ളി, പാളയംകോട്ട സെൻട്രൽ ജയിലുകളിലാണ് ഭരണഘടനയെയും മനുഷ്യാവകാശങ്ങളെയും കാറ്റിൽപ്പറത്തുന്ന ഈ ക്രൂരതകൾ അരങ്ങേറുന്നത്.

 സംഭവത്തിൽ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്വമേധയാ ഇടപെടുകയും കർശന അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് സി.വി. കാർത്തികേയൻ, ജസ്റ്റിസ് ആർ. ശക്തിവേൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മധുരയിലെ അഭിഭാഷകനായ കെ.ആർ. രാജ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് സംസ്ഥാനത്തെ നടുക്കിയ ഈ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ജയിലുകളിൽ പ്രത്യേക ബാരക്കുകളിൽ പാർപ്പിച്ചിരിക്കുന്ന പിന്നാക്ക വിഭാഗക്കാരായ തടവുകാരെ മാത്രം ലക്ഷ്യമിട്ടാണ് ഈ അമാനവിക പ്രവർത്തികൾ നടപ്പിലാക്കുന്നത്. ജയിൽ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും, സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ അടിയന്തരമായി സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.

പരാതിയുടെ ഗൗരവം പൂർണ്ണമായും ഉൾക്കൊണ്ടാണ് കോടതിയുടെ നിർണായക നീക്കം. മധുര, തിരുച്ചിറപ്പള്ളി, തിരുനെൽവേലി ജില്ലകളിലെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ) സെക്രട്ടറിമാരും അതത് ജയിലുകളിൽ നേരിട്ട് പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക