Image

കൂടുതൽ പറഞ്ഞാൽ തിരിച്ചടിക്കും, പറയിപ്പിക്കാൻ നിൽക്കേണ്ട: രാഗേഷിന്റെ വരുമാനം അന്വേഷിക്കണമെന്നും ടി.കെ. ഗോവിന്ദൻ

Published on 02 September, 2026
കൂടുതൽ പറഞ്ഞാൽ തിരിച്ചടിക്കും, പറയിപ്പിക്കാൻ നിൽക്കേണ്ട: രാഗേഷിന്റെ  വരുമാനം അന്വേഷിക്കണമെന്നും ടി.കെ. ഗോവിന്ദൻ

കെ.കെ. രാഗേഷിന്റെ രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള വരുമാനം അന്വേഷിക്കണമെന്ന് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. രാഗേഷ് രാഷ്ട്രീയത്തിൽ എത്തുന്നതിന് മുമ്പ് വയറിങ് തൊഴിലാളിയായിരുന്നെന്നും ഗോവിന്ദൻ പറഞ്ഞു. വ്യക്തിപരമായി തന്നെക്കുറിച്ച് കൂടുതൽ പറഞ്ഞാൽ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകിയ അദ്ദേഹം, രാഗേഷ് കൂടുതൽ പറയിപ്പിക്കാൻ നിൽക്കേണ്ടെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പരാമർശങ്ങൾ. 

രാഗേഷ് ഒരുപാട് കാര്യങ്ങൾ പറയിപ്പിക്കാൻ ശ്രമിച്ചാൽ തന്റെ കൈവശമുള്ള വിവരങ്ങൾ പുറത്തുപറയേണ്ടിവരുമെന്നും, അത് രാഷ്ട്രീയത്തെ മലീമസമാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

പാർട്ടിക്കൊപ്പം നിന്ന കാലത്ത് പല കാര്യങ്ങളും ചർച്ച ചെയ്തിട്ടുണ്ടാകുമെന്നും, പാർട്ടി വിട്ടശേഷം അതെല്ലാം വിളിച്ചുപറയുന്ന രീതി തന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, തന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന നിലപാടുമായി ആരെങ്കിലും മുന്നോട്ടുവന്നാൽ അവരെക്കുറിച്ച് പറയാൻ തനിക്ക് ഏറെ കാര്യങ്ങളുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. സ്വന്തം വരുമാനവും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർഥ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിനാണെന്നും, അതിന് പകരം ജനങ്ങളുടെ മേൽ കുറ്റം ചുമത്തുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. തെറ്റ് പറ്റിയെന്ന് സമ്മതിച്ച് അത് തിരുത്തുമെന്ന് ജനങ്ങളോട് പറയുന്നതിന് പകരം വ്യക്തികളെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളിൽ പോളിറ്റ്ബ്യൂറോ അംഗമായ മുൻ മുഖ്യമന്ത്രിയടക്കം ആരും പ്രതികരിച്ചില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളല്ല തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന തരത്തിലാണ് തളിപ്പറമ്പിലും പയ്യന്നൂരിലും പിണറായി വിജയനടക്കമുള്ള നേതാക്കൾ പ്രസംഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക