
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ വിളമ്പിയില്ലെന്ന ഭക്തരുടെ പരാതിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് വിശദീകരണം തേടിയതായി മന്ത്രി കെ മുരളീധരന്‍. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇത്തവണ ദേവസ്വം ബോര്‍ഡ് നേരിട്ട് സദ്യ നല്‍കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് മാത്രം സദ്യ വിളമ്പുകയും മറ്റുള്ളവര്‍ക്ക് മഞ്ഞച്ചോറ് നല്‍കിയെന്നുമാണ് ഭക്തര്‍ പരാതി നല്‍കിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'സ്‌പോണ്‍സര്‍മാരില്ലാതെ സദ്യ നടത്തുന്നത് നല്ല കാര്യമാണ്. ആകെ നടന്നത് തിരുവോണ സദ്യയാണ്. അതിന് സദ്യയെന്ന് പറഞ്ഞുകൂടാ. എനിക്ക് കിട്ടിയ പരാതി ജീവനക്കാര്‍ക്കൊക്കെ നല്ല സദ്യ കൊടുത്തു. മറ്റുള്ളവര്‍ക്ക് മഞ്ഞച്ചോറ് നല്‍കി. ഒരു മഞ്ഞനിറത്തിലുള്ള കൂട്ടാനൊഴിച്ച്. അതിന് പുലാവ് എന്നാണത്രേ പേരിട്ടിരിക്കുന്നത്. നിജസ്ഥിതി അന്വേഷിച്ച് കത്ത് നല്‍കിയിട്ടുണ്ട്'- മുരളീധരന്‍ പറഞ്ഞു.
'പരമ്പരാഗത ആചാരങ്ങളെ ഒറ്റയിടക്ക് നിര്‍ത്താന്‍ നോക്കരുത്. മൂന്ന് സദ്യകള്‍ ഓണക്കാലത്ത് നടത്തിയിരുന്നു. അതിന് പകരം ഒറ്റ ദിവസം ദേവസ്വം ബോര്‍ഡിന്റെത് മാത്രമാക്കി. എന്നാല്‍ മര്യാദക്ക് സദ്യ കൊടുത്താല്‍ പരാതിയില്ല. പണ്ടൊരു ചൊല്ല് ഉണ്ട്. ഒരുപന്തിയില്‍ രണ്ട് വിളമ്പല്‍ പാടില്ല. അത് നടന്നു എന്നാണ് കിട്ടിയ വിവരം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതിന്റെ മറുപടി കിട്ടട്ടെ'- മുരളീധരന്‍ പറഞ്ഞു.