
മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ മുൻ മാനേജരായിരുന്ന ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. 2020ൽ നടന്ന മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ഉന്നയിച്ച് പിതാവ് സതീഷ് സാലിയൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ സാരംഗ് കോട്‌വാൾ, രഞ്ജിത് സിൻഹ രാജാ ഭോൺസലെ എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദിഷയുടെ പിതാവ് സതീഷ് സാലിയന്‍റെ മൊഴി രേഖപ്പെടുത്തണമെന്നും അന്വേഷണത്തിനിടെ മതിയായ തെളിവുകൾ ലഭിക്കുന്നതുവരെ ആരെയും പ്രതി ചേർക്കരുതെന്നും കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഉടൻ സിബിഐക്ക് കൈമാറാൻ മുംബൈ പൊലീസിന് കോടതി നിർദേശം നൽകി. അന്വേഷണത്തിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് കണ്ടെത്തിയാൽ, സിബിഐ ബന്ധപ്പെട്ട കോടതിയിൽ ഉചിതമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഈ റിപ്പോർട്ടിനെതിരേ സതീഷ് സാലിയന് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്നും ബെഞ്ച് പറഞ്ഞു.
2020 ജൂൺ എട്ടിനാണ് മുംബൈയിലെ മലാഡ് മേഖലയിലെ ഒരു കെട്ടിടത്തിന്‍റെ 14-ാം നിലയിൽ നിന്ന് വീണ് ദിഷ മരിച്ചത്. തുടർന്ന് മുംബൈ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ദിഷയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്വേഷണത്തിന് ശേഷം പൊലീസ് അറിയിച്ചത്. എന്നാൽ മകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സതീഷ് സാലിയൻ ആരോപിച്ചു.
സുശാന്തിന്‍റെയും ദിഷയുടെയും മരണങ്ങൾ തമ്മിൽ 100 ശതമാനം ബന്ധമുണ്ടെന്ന് സതീഷ് സാലിയൻ മാധ്യമങ്ങളോട് പറഞ്ഞു. സുശാന്തിന്‍റെ ചില തെറ്റായ പ്രവൃത്തികളുടെ വീഡിയോ ദിഷ അയച്ചിരുന്നുവെന്നും അതിന് മരണവുമായി ബന്ധമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ദിഷയുടെ മരണം ആത്മഹത്യയല്ലെന്നും ചില സ്വാധീനശക്തികൾ ഉൾപ്പെട്ട ഗൂഢാലോചനയാണെന്നും പിതാവ് ആരോപിച്ചു. സിബിഐ എല്ലാവരെയും ചോദ്യം ചെയ്യുമെന്നും സത്യം പുറത്തുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിനെയും സതീഷ് സാലിയൻ ചോദ്യം ചെയ്തു. സുശാന്തിന്‍റെ മരണം ആത്മഹത്യയായി കണക്കാക്കിയ നടപടി തെറ്റാണെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിലെ പൊലീസ് അന്വേഷണത്തിലും സാലിയൻ സംശയം ഉന്നയിച്ചിരുന്നു. മകളുടെ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും സതീഷ് സാലിയൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.