
കാസർകോട്: പോക്സോ കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ പ്രമുഖ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. ഹോസ്ദുർഗ് ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതിയാണ് കർശന നടപടി സ്വീകരിച്ചുകൊണ്ട് പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചത്. പ്രായപൂർത്തിയാകാത്ത അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ സ്വന്തം യൂട്യൂബ് ചാനലിലൂടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നത്.
ഈ കേസിൽ ജാമ്യത്തിൽ കഴിഞ്ഞുവരികയായിരുന്ന ഖാദർ കരിപ്പൊടി പിന്നീട് കോടതിയിൽ ഹാജരാകാതിരുന്നതും നിയമനടപടികൾ പാലിക്കാത്തതുമാണ് ജാമ്യം റദ്ദാക്കാൻ കാരണമായത്. കോടതി നിഷ്കർഷിച്ച ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി വ്യക്തമായതോടെ പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി കർശനമാക്കിയത്. പ്രതിയെ ഉടനടി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, പ്രവാസിയായ അബ്ദുൽ അഹദിനെ വധിക്കാൻ ശ്രമിച്ചെന്ന മറ്റൊരു ഗുരുതരമായ ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ഖാദർ കരിപ്പൊടി കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഒളിവിലാണ്. വധശ്രമക്കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് പോക്സോ കേസിലെ മുൻ ജാമ്യം കൂടി റദ്ദായി വാറന്റ് ഇറങ്ങിയിരിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ അന്വേഷണസംഘം പരിശോധന ശക്തമാക്കിയിട്ടുണ്ട്.