Image

കൊച്ചിയിലെ രാസലഹരി വേട്ട: 'ബോസ്' വരുണ്‍ ദേവ് റാക്കറ്റിനെ പൂട്ടാന്‍ എസ്‌ഐടി

Published on 02 September, 2026
കൊച്ചിയിലെ രാസലഹരി വേട്ട: 'ബോസ്' വരുണ്‍ ദേവ് റാക്കറ്റിനെ പൂട്ടാന്‍ എസ്‌ഐടി


 

കൊച്ചി: രാസലഹരി വേട്ടയ്ക്കിടെ പിടിയിലായ ഡ്രഗ് ഡീലര്‍ വരുണ്‍ ദേവിന്റെ റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ 11 അംഗ എസ്‌ഐടിയാണ് എക്‌സൈസ് രൂപീകരിച്ചത്.

ലഹരിക്കച്ചവടക്കാര്‍ക്കിടയില്‍ ബോസ് എന്ന് അറിയപ്പെടുന്ന വരുണ്‍ ദേവിന് രാഷ്ട്രീയ ബന്ധങ്ങളും ഉണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് എസ്‌ഐടി രൂപീകരിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വരുണ്‍ ലഹരി വില്‍പന നടത്തിയിരുന്നത്. വരുണ്‍ ദേവിന്റെ സുഹൃത്തുക്കളിലേക്കും എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്നും 49 ഗ്രാം എംഡിഎംഎയുമായി പറവൂര്‍ മന്നം സ്വദേശി സിദ്ധിഖ്, പെണ്‍സുഹൃത്ത് ഫിനല മരിയ ഡി റോസാരിയോ എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് കോട്ടയത്ത് നിന്നും ലഹരിയുമായി ഒരു വാഹനം എത്തുന്ന വിവരം എക്‌സൈസിന് ലഭിച്ചത്.

തുടര്‍ന്ന് ഓഗസ്റ്റ് 22ന് വൈറ്റിലയില്‍ വച്ച് വരുണ്‍ ദേവ്, കൂട്ടാളി തിരുവല്ല മുത്തൂര്‍ക്കരയില്‍ മുളയ്ക്കല്‍ വീട്ടില്‍ വിപിന്‍ എസ് കുമാര്‍ എന്നിവരെ വാഹനം തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നു. വാഹനത്തില്‍ നിന്നും 281 ഗ്രാം എംഡിഎംഎയും 69,425 രൂപയും എക്‌സൈസ് പിടിച്ചെടുത്തിരുന്നു.

ഡല്‍ഹി, ചണ്ഡിഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വരുണ്‍ കേരളത്തിലേക്ക് ലഹരി എത്തിച്ചിരുന്നത്. കൊച്ചിയിലെ വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായ കെവിന്‍ അടക്കമുള്ള വിതരണക്കാര്‍ക്ക് ലഹരി നല്‍കുന്നത് വരുണ്‍ ദേവ് ആണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക