
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി പത്രം (സാങ്ഷൻ) പ്രതികൾക്ക് ലഭ്യമാക്കിയതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതിയുടെ പകർപ്പ് പ്രതിക്ക് കൈമാറാൻ ഏത് നിയമവ്യവസ്ഥയിലാണ് അധികാരമുള്ളതെന്ന് സിംഗിൾ ബെഞ്ച് ആരാഞ്ഞു. രേഖകൾ പ്രതിക്ക് നൽകണമെന്ന് ഒരു നിയമത്തിലും വ്യവസ്ഥയില്ലെന്നിരിക്കെ, ഇത് എങ്ങനെ പ്രതിയുടെ കൈവശമെത്തിയെന്ന് വ്യക്തമാക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
കേസിലെ രേഖകൾ കൈക്കലാക്കിയ ശേഷം കോടതിയെ പരസ്യമായി അധിക്ഷേപിച്ച് വാർത്താസമ്മേളനം നടത്തിയ നടപടിയെ കോടതി കടുത്ത ഭാഷയിലാണ് അപലപിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അങ്ങേയറ്റം ഗൗരവത്തോടെ മാത്രമേ ഇതിനെ കാണാനാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാദ രേഖ പ്രതിക്ക് എങ്ങനെയാണ് കൈമാറിയതെന്ന് കോടതി കൃത്യമായി ചോദിച്ചറിഞ്ഞു. പകർപ്പ് നൽകിയത് ഇ-മെയിൽ വഴിയാണോ അതോ തപാൽ മാർഗ്ഗമാണോ എന്ന് സർക്കാർ വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തി അധിക റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കർശന നിർദ്ദേശം നൽകിയ സിംഗിൾ ബെഞ്ച് ഹർജി തുടർനടപടികൾക്കായി മാറ്റി.