
തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച സംഭവത്തിൽ സാമൂഹിക പ്രവർത്തകൻ സണ്ണി എം. കപിക്കാടിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനടപടി സ്വീകരിക്കുന്നു. ഇദ്ദേഹത്തിനെതിരെ പോലീസിൽ പരാതി നൽകുന്ന കാര്യം നാളെ ചേരുന്ന ബോർഡ് യോഗം ചർച്ച ചെയ്യും. സണ്ണി എം. കപിക്കാട് നടത്തിയ പരാമർശം അയ്യപ്പ വിശ്വാസികളെ കടുത്ത രീതിയിൽ മുറിവേൽപ്പിക്കുന്നതാണെന്നും ബോർഡ് യോഗത്തിൽ നിയമനടപടി ആവശ്യപ്പെടുമെന്നും ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ് കുമാർ വ്യക്തമാക്കി.
ജാതിഭേദമന്യേ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ആരാധനാ കേന്ദ്രമായ ശബരിമലയെയും അവിടുത്തെ പ്രതിഷ്ഠയെയും തരംതാഴ്ത്തി സംസാരിച്ചത് അംഗീകരിക്കാനാകില്ലെന്ന് ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടി. മലയാളം സർവകലാശാലയിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പ്രസംഗം. സംഭവത്തിൽ തിരുവാഭരണ പാത സംരക്ഷണ സമിതി നൽകിയ പരാതിയിൽ കപിക്കാടിനെതിരെ പോലീസ് ഇതിനകം കേസെടുത്തിട്ടുണ്ട്. ഇതിനുപുറമെ ഹിന്ദു ഐക്യവേദിയും പന്തളം പോലീസിൽ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, പ്രസ്താവന വലിയ വിവാദമായ പശ്ചാത്തലത്തിൽ സണ്ണി എം. കപിക്കാട് ഖേദം പ്രകടിപ്പിച്ചു. അയ്യപ്പനെയോ മാളികപ്പുറത്തമ്മയെയോ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, പ്രസംഗത്തിനിടെ പറയരുതാത്ത തെറ്റായ ഒരു വാക്ക് തന്റെ ഭാഗത്തുനിന്ന് വന്നതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിനെ നിയമപരമായി നേരിടുമെന്നും കപിക്കാട് വ്യക്തമാക്കി.