Image

വൈറ്റ് ഹൗസ് ബോൾറൂമിന്റെ പണി തുടരാൻ ട്രംപിനു സുപ്രീം കോടതി അനുമതി (പിപിഎം)

Published on 01 September, 2026
വൈറ്റ് ഹൗസ് ബോൾറൂമിന്റെ പണി തുടരാൻ ട്രംപിനു സുപ്രീം കോടതി അനുമതി (പിപിഎം)

വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപ് $400 മില്യൺ ചെലവിട്ടു നിർമിക്കുന്ന ബോൾറൂമിന്റെ പണി തുടരാൻ സുപ്രീം കോടതി 5-4 ഭൂരിപക്ഷ തീർപ്പിൽ തിങ്കളാഴ്ച്ച അനുമതി നൽകി.

വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗ് പൊളിച്ചു കളഞ്ഞു പണിയുന്ന 90,000 ചതുരശ്ര അടിയുടെ ബോൾ റൂമിനു നിയമപരമായ അനുമതി കോൺഗ്രസ് നൽകിയിട്ടില്ലെന്നു അതിനെതിരെ പരാതി നൽകിയ നാഷനൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ട്രസ്റ്റിനെ ബോൾ റൂം നിർമാണം ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നു സുപ്രീം കോടതിയുടെ ഭൂരിപക്ഷം കണ്ടു. അവർ നൽകിയ പരാതിക്കു അതുകൊണ്ടു നിയമപരമായ പ്രസക്തിയില്ല.

സുപ്രീം കോടതിയിൽ പതിവില്ലാത്ത രീതിയിലാണ് ഈ തീർപ്പിൽ ജസ്റ്റിസുമാർ അണിനിരന്നത്. ചീഫ് ജസ്റ്റിസ് ജോൺ ജി. റോബർട്സ് ജൂനിയർ മൂന്നു ലിബറൽ ജസ്റ്റിസുമാർക്കൊപ്പം ചേർന്നു ബോൾ റൂം നിർമാണം 'ഒരു പക്ഷേ' നിയമവിരുദ്ധമാവാം എന്നു ചൂണ്ടിക്കാട്ടി. റോബർട്സ് എഴുതിയ നീണ്ട കുറിപ്പിൽ, വൈറ്റ് ഹൗസ് അമേരിക്കയുടെ പ്രതീകമായ കെട്ടിടമാണെന്നും അതിൽ ചരിത്രവും ഉൾക്കൊണ്ട രൂപകൽപന ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ പൊളിക്കലും പകരം നിർമാണവും നടത്തുന്നവർ അത് ഓർമിക്കേണ്ടതാണ്. കോൺഗ്രസ് അനുമതിയില്ലാതെ ഈ പദ്ധതി ആരംഭിച്ച ഭരണകൂടം അധികാര സീമ ലംഘിച്ചു.

കോടതി തീരുമാനം ആഘോഷിച്ച പ്രസിഡന്റ് ട്രംപ് താൻ അധികാരമൊഴിയുന്ന 2028ൽ നിർമാണം പൂർത്തിയാവുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

നിരാശയുണ്ടെന്നു പറഞ്ഞ ട്രസ്റ്റ് പ്രസിഡന്റ് ബ്രെന്റ് ലെഗ്‌സ് എടുത്തു പറഞ്ഞത് ഭൂരിപക്ഷ വിധിയിൽ ഈ പദ്ധതിക്കു നിയമസാധുത ഉണ്ടെന്നു ചൂണ്ടിക്കാട്ടിയില്ല എന്നാണ്.

Supreme Court allows Trump to proceed with Ballroom plan 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക