Image

എട്ടു സുപ്രധാന സെനറ്റ് സീറ്റുകളിൽ ഡെമോക്രാറ്റിക് പാർട്ടിക്കു മുൻതൂക്കമെന്നു സർവേ (പിപിഎം)

Published on 31 August, 2026
എട്ടു സുപ്രധാന സെനറ്റ് സീറ്റുകളിൽ ഡെമോക്രാറ്റിക് പാർട്ടിക്കു മുൻതൂക്കമെന്നു സർവേ (പിപിഎം)

നവംബർ 3നു വോട്ടെടുപ്പ് നടക്കുന്ന എട്ടു സുപ്രധാന സെനറ്റ് മത്സരങ്ങളിലെങ്കിലും ഡെമോക്രാറ്റിക് പാർട്ടിക്കു മുൻതൂക്കമുണ്ടെന്നു വിവിധ പോളിംഗുകൾ അടിസ്ഥാനമാക്കി റിയൽ ക്ലിയർ പൊളിറ്റിക്സ് (ആർസിപി) എടുത്ത ശരാശരിയിൽ പറയുന്നു. വോട്ടെടുപ്പിനു 64 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ബാറ്റിൽഗ്രൗണ്ട് സംസ്ഥാനങ്ങളിൽ ഈ നില കാണുന്നത്.  

പ്രസിഡന്റ് ട്രംപിന്റെ ഭരണത്തോടുള്ള കടുത്ത എതിർപ്പു മൂലം യുഎസ് ഹൗസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്കു നഷ്ടമാവും എന്നത് ഏറെക്കുറെ തീർച്ചപ്പെട്ടിരുന്നു. എന്നാൽ സെനറ്റ്  അവർക്കു നിലനിർത്താൻ കഴിയും എന്നായിരുന്നു പ്രതീക്ഷ. പക്ഷെ റിപ്പബ്ലിക്കൻ പാർട്ടിക്കു വിശ്വാസം അർപ്പിക്കാൻ കഴിഞ്ഞിരുന്ന ടെക്സസ്, ഒഹായോ സംസ്ഥാനങ്ങളിൽ പോലും ഡെമോക്രാറ്റുകൾ സെനറ്റ് മത്സരങ്ങളിൽ മുന്നിലാണ്. 

അലാസ്‌കയിൽ അവർക്കു 2% ലീഡുണ്ട്.  ജോർജിയയിൽ 7.5%, മെയ്നിൽ 2.3%, മിഷിഗണിൽ 1.8%, ഒഹായോവിൽ 2.6%, ന്യൂ ഹാംപ്‌ഷെയറിൽ 2%, നോർത്ത് കരളിനയിൽ 8%, ടെക്സസിൽ 1.9%.

അയോവയിൽ റെപ്. ആഷ്‌ലി ഹിൻസൺ ഡെമോക്രാറ്റ് ജോഷ് തുറക്കിനെതിരെ നേടിയിട്ടുള്ള 1.4% ലീഡാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് എടുത്തു പറയാനുള്ളത്. എന്നാൽ അയോവ ഇക്കുറി റിപ്പബ്ലിക്കൻ പാർട്ടിക്കു പതിവുള്ള ഉറപ്പു നൽകുന്നില്ല.

എട്ടിൽ മൂന്ന് സീറ്റുകൾ ഡെമോക്രാറ്റിക് പാർട്ടിയുടെ കൈയിലാണ്. നാലു സീറ്റ് പിടിച്ചെടുത്താൽ ഡെമോക്രാറ്റുകൾക്കു സെനറ്റിൽ ഭൂരിപക്ഷമാവും. 

റിപ്പബ്ലിക്കൻ രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ടെറി ഹോൾട്ട് 'ന്യൂ യോർക്ക് പോസ്റ്റ്' പത്രത്തോടു പറഞ്ഞു: "റിപ്പബ്ലിക്കൻ പാർട്ടി മോശപ്പെട്ട നിലയിലാണെന്നു വ്യക്തമാണ്. ഇടക്കാല തെരഞ്ഞടുപ്പിൽ ചരിത്ര പരാജയമാണ് അവരെ കാത്തിരിക്കുന്നത്.

“വമ്പിച്ച പണച്ചെലവു കൊണ്ട് അതിശയകരമായ വോട്ടിംഗ് വർധന സാധ്യമാണോ എന്നതാണ് ഒരു ചോദ്യം. അല്ലെങ്കിൽ രാജ്യത്തിൻറെ മൂഡ് അടിസ്ഥാനപരമായി തന്നെ മാറ്റേണ്ടി വരും.”

റിപ്പബ്ലിക്കൻ പാർട്ടിക്കു പടുകൂറ്റൻ സാമ്പത്തിക മെച്ചമുണ്ട്. ശതകോടീശ്വരൻ എലോൺ മസ്‌ക് വരെ പണമിറക്കാൻ സാധ്യത കാണുന്നു.  

ഇടതുപക്ഷ സ്ഥാനാർഥികൾ ഡെമോക്രാറ്റിക് പാർട്ടിയിൽ പിടിമുറുക്കി എന്നതു ചൂണ്ടിക്കാട്ടി വലതുപക്ഷത്തിൽ ആശങ്ക വളർത്താൻ റിപ്പബ്ലിക്കന്മാർ ശ്രമം നടത്തുന്നുണ്ട്. എന്നാൽ വിലക്കയറ്റമാണ് വോട്ടർമാരുടെ പ്രധാന വിഷയമെന്നു സർവേകൾ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ പ്രത്യേകിച്ച് കാനഡയുമായുള്ള വ്യാപാര യുദ്ധം മുറുകിയാൽ അതു അലാസ്ക, മെയ്ൻ, മിഷിഗൺ, ഒഹായോ എന്നിവിടങ്ങളിൽ ഡെമോക്രാറ്റുകൾക്കു മെച്ചമുണ്ടാക്കാം.  

Democrats lead in 8 major battleground Senate races

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക