
രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ എസ് എസ്) മേധാവി മോഹൻ ഭഗവത് പ്രസംഗിക്കുമ്പോൾ ശനിയാഴ്ച്ച മാഡിസൺ സ്‌ക്വയർ ഗാർഡനു പുറത്തു പ്രകടനങ്ങൾ നടന്നു. 'ലോകം ഒരൊറ്റ കുടുംബം' എന്ന പ്രമേയം ഉയർത്തിയ പരിപാടിയിൽ വിവിധ മതങ്ങളിലെ നേതാക്കന്മാരും സംസാരിച്ചെങ്കിലും ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിവിൽ റൈറ്സ് ഗ്രൂപ്പുകൾ പങ്കെടുത്ത പ്രകടനങ്ങളാണ് പുറത്തു നടന്നത്.
ഭഗവതിന്റെ പരിപാടി റദ്ദാക്കണമെന്ന് അവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആർ എസ് എസ് ആദർശങ്ങളെയും ആശയങ്ങളെയും പ്രകടനക്കാർ എതിർത്തു.
കശ്മീർ നേതാവ് ഉമർ ഖാലിദിനെ വിട്ടയക്കുക, ഇന്ത്യ എല്ലാവർക്കുമുളളതാണ്, ഹിന്ദുത്വ ന്യൂ യോർക്കിൽ നിന്നു പുറത്താക്കുക, ആർ എസ് എസിനെ നഗരത്തിൽ നിന്നു പുറത്താക്കുക, ആർ എസ് എസ് ഹിറ്റ്ലറെ പ്രേമിക്കുന്നു, അവർ ഗാന്ധിയെ വധിച്ചു, ഹിന്ദുത്വ ഫാസിസമാണ്, മോദി ഹിന്ദു ഭീകരതയുടെ മുഖമാണ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ അവർ വിളിച്ചു.
ഖാലിസ്ഥാൻ വാദികളും പ്രകടനം നടത്തി. ചില പ്രകടനക്കാർ ഇന്ത്യൻ ദേശീയ പതാകയെ മലിനമാക്കുന്നത് ദൃശ്യങ്ങളിൽ കണ്ടു.
പ്രകടനക്കാരെ നേരിട്ടു
ഭഗവതിന്റെ അനുയായികളിൽ ചിലർ മാഡിസൺ ഗാർഡനു പുറത്തു പ്രകടനക്കാരെ നേരിട്ടു. അതേ തുടർന്ന് ഇരു പക്ഷവും തമ്മിൽ തർക്കങ്ങൾ ഉണ്ടായി.
ഭഗവതിന്റെ പരിപാടിയെ എതിർത്ത് 61 സർവമത-മതനിരപേക്ഷ സംഘടനകൾ തുറന്ന കത്തെഴുതിയിരുന്നു. പരിപാടി റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ചു ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്സ്, ഇന്റർഫെയ്‌ത് സെന്റർ ഓഫ് ന്യൂ യോർക്ക് തുടങ്ങിയ സംഘടനകൾ ന്യൂ യോർക്ക് സിറ്റി ഹാളിനു മുന്നിൽ പത്ര സമ്മേളനം നടത്തി.
ലോകം ഒന്നാണ് എന്ന പ്രമേയം അവതരിപ്പിച്ച ഭഗവത് യഥാർഥത്തിൽ ഹിന്ദു ദേശീയത എന്ന ആദർശത്തിന്റെ വക്താവാണെന്നു അവർ ചൂണ്ടിക്കാട്ടി.
Protests as Bhagavat spoke at MSG