Image

മോഡിയുടെ ചരിത്രപ്രസംഗത്തിന് വേദിയായ മാഡിസൺ സ്ക്വയർ ഗാർഡനിൽ മോഹൻ ഭഗവത്

Published on 30 August, 2026
മോഡിയുടെ ചരിത്രപ്രസംഗത്തിന് വേദിയായ മാഡിസൺ സ്ക്വയർ ഗാർഡനിൽ മോഹൻ ഭഗവത്

ന്യൂയോർക്ക്: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് ശനിയാഴ്ച പ്രസംഗിക്കുന്ന മാഡിസൺ സ്ക്വയർ ഗാർഡന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസിൽ ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത വേദിയായിരുന്നു ന്യൂയോർക്കിലെ ഈ പ്രശസ്ത അരീന.

ഏകദേശം 22,000 പേർക്ക് ഇരിക്കാവുന്ന മാഡിസൺ സ്ക്വയർ ഗാർഡനിൽ  അന്ന് മോഡിയെ കേൾക്കാനെത്തിയത്  ആയിരക്കണക്കിന് ആളുകളാണ്. യുഎൻ പൊതുസഭാ യോഗത്തിൽ പങ്കെടുക്കാനെത്തിയ മോഡിയുടെ പരിപാടി ഇന്ത്യൻ സമൂഹത്തിന്റെ വലിയ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായി.

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലും മാഡിസൺ സ്ക്വയർ ഗാർഡന് സുപ്രധാന സ്ഥാനമുണ്ട്. ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യു. ബുഷ് എന്നിവർ പാർട്ടി കൺവൻഷനുകളിലൂടെ പ്രസിഡന്റ് സ്ഥാനാർഥികളായി ഔദ്യോഗികമായി രംഗത്തെത്തിയ വേദിയാണിത്. 2004ൽ റിപ്പബ്ലിക്കൻ പാർട്ടിയും 1976, 1980, 1992 വർഷങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയും ദേശീയ കൺവൻഷനുകൾ ഇവിടെ സംഘടിപ്പിച്ചു.

ന്യൂയോർക്ക് നഗരത്തിന്റെ മധ്യഭാഗത്ത് ടൈംസ് സ്ക്വയറിന് സമീപം സ്ഥിതി ചെയ്യുന്ന അരീന പെൻസിൽവേനിയ സ്റ്റേഷന്റെ മുകളിലാണ് നിർമിച്ചിരിക്കുന്നത്. ട്രെയിൻ, കമ്മ്യൂട്ടർ റെയിൽ, മെട്രോ സർവീസുകൾ സംഗമിക്കുന്ന പ്രധാന ഗതാഗതകേന്ദ്രമാണ് പെൻ സ്റ്റേഷൻ.

കായിക മത്സരങ്ങൾ, രാഷ്ട്രീയ റാലികൾ, സംഗീത പരിപാടികൾ, മതചടങ്ങുകൾ, ബോക്സിങ്, ഗുസ്തി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾക്ക് വേദിയാകുന്ന മാഡിസൺ സ്ക്വയർ ഗാർഡൻ ആവശ്യാനുസരണം ഹോക്കി റിങ്കായും ബാസ്കറ്റ്ബോൾ കോർട്ടായും സംഗീതവേദിയായും മാറും.

എൻബിഎയിലെ ന്യൂയോർക്ക് നിക്സും എൻഎച്ച്എല്ലിലെ ന്യൂയോർക്ക് റേഞ്ചേഴ്സും ഹോം മത്സരങ്ങൾ നടത്തുന്നത് ഇവിടെയാണ്. ജോൺ ലെനൻ, ജോർജ് ഹാരിസൺ, എൽട്ടൺ ജോൺ, ലേഡി ഗാഗ, ലെഡ് സെപ്പലിൻ തുടങ്ങിയ പ്രമുഖ സംഗീതജ്ഞരുടെ പരിപാടികൾക്കും അരീന സാക്ഷിയായിട്ടുണ്ട്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക നിമിഷത്തിനും അമേരിക്കൻ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്കും സാക്ഷിയായ അതേ വേദിയിലാണ് മോഹൻ ഭാഗവത് ഇത്തവണ പ്രസംഗിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക