Image

ആർട്ടെമിസ് II സംഘത്തിന് അമേരിക്കയുടെ പരമോന്നത ബഹിരാകാശ ബഹുമതി

Published on 29 August, 2026
ആർട്ടെമിസ് II സംഘത്തിന് അമേരിക്കയുടെ പരമോന്നത ബഹിരാകാശ ബഹുമതി

ഹ്യൂസ്റ്റൺ: ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾക്ക് കോൺഗ്രഷണൽ സ്‌പേസ് മെഡൽ ഓഫ് ഓണർ സമ്മാനിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ നടന്ന ചടങ്ങിൽ നാസ സഞ്ചാരികളായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ജെറമി ഹാൻസൻ എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. 2023ന് ശേഷം ആദ്യമായാണ് ഈ ബഹുമതി നൽകുന്നത്.

മനുഷ്യർ ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച റെക്കോർഡ് സ്വന്തമാക്കിയ ആർട്ടെമിസ് II ദൗത്യത്തിനാണ് സംഘം ഈ നേട്ടം കൈവരിച്ചത്. ഏപ്രിൽ ഒന്നിന് വിക്ഷേപിച്ച ദൗത്യം ഏപ്രിൽ 10ന് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി തിരിച്ചെത്തി. എസ്‌എൽഎസ് റോക്കറ്റിൽ വിക്ഷേപിക്കപ്പെട്ട ആദ്യ ബഹിരാകാശ സഞ്ചാരികളായിരുന്നു ഇവർ. ഓറിയോൺ പേടകത്തിൽ ചന്ദ്രനെ ചുറ്റിയ സംഘം ഭൂമിയിൽനിന്ന് 252,756 മൈൽ അകലെ വരെ സഞ്ചരിച്ചു. ആകെ 695,081 മൈൽ ദൂരം യാത്ര ചെയ്തു.

സംഘത്തിന്റെ ധൈര്യത്തെയും നേട്ടത്തെയും ട്രംപ് പ്രശംസിച്ചു. ദൗത്യം വിജയകരമാക്കാൻ പ്രവർത്തിച്ച നാസയിലെ എൻജിനീയർമാർ, ശാസ്ത്രജ്ഞർ, വിക്ഷേപണ-ലാൻഡിങ് വിദഗ്ധർ തുടങ്ങി എല്ലാവരെയും അദ്ദേഹം അനുസ്മരിച്ചു.

1969ൽ കോൺഗ്രസ് ഏർപ്പെടുത്തിയതാണ് കോൺഗ്രഷണൽ സ്‌പേസ് മെഡൽ ഓഫ് ഓണർ. അതീവ ധീരവും രാജ്യത്തിനും മനുഷ്യരാശിക്കും പ്രയോജനകരവുമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച ബഹിരാകാശ സഞ്ചാരികളെ ആദരിക്കുന്ന പുരസ്കാരമാണിത്. ബഹിരാകാശ പദ്ധതിയുടെ തുടക്കം മുതൽ ഇതുവരെ 34 പേർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.

ആർട്ടെമിസ് IIന്റെ  വിജയം ചന്ദ്രനിലേക്കുള്ള തുടർ ദൗത്യങ്ങൾക്ക് വഴിയൊരുക്കിയതായി നാസ അഡ്മിനിസ്ട്രേറ്റർ ജാരഡ് ഐസക്മാൻ പറഞ്ഞു. 2027ലെ ആർട്ടെമിസ് III ദൗത്യം ഉൾപ്പെടെ ചന്ദ്രനിലെ ദീർഘകാല സാന്നിധ്യത്തിനുള്ള പദ്ധതികളുമായി നാസ മുന്നോട്ടുപോകുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക