
ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ (ISI) പിന്തുണയോടെ പ്രവർത്തിച്ചിരുന്ന രണ്ട് ഭീകരവാദ മൊഡ്യൂളുകൾ പഞ്ചാബ് പോലീസ് തകർത്തു. ഡൽഹിയിലെ ജന്തർമന്തറിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ട സംഘത്തിൽപ്പെട്ട ഒമ്പതുപേരാണ് ആയുധങ്ങളും വെടിക്കോപ്പുകളുമായി അമൃതസറിൽ പിടിയിലായത്. അറസ്റ്റിലായവരിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. ഇതോടൊപ്പം മൂന്ന് പിസ്റ്റളുകൾ, നാല് പെട്രോൾ ബോംബുകൾ, 9 കാട്രിഡ്ജുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെ ജന്തർമന്തറിൽ വെച്ച് സ്ഫോടനം നടത്താനായിരുന്നു സംഘത്തിന്റെ തീരുമാനം. എന്നാൽ ഡൽഹിയിലെ കനത്ത സുരക്ഷാസന്നാഹങ്ങൾ കാരണം ആക്രമണം നടത്താനാകാതെ സംഘം പിന്തിരിയുകയായിരുന്നുവെന്ന് പിടിക്കപ്പെട്ട സുഖ്മാൻ സിങ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഉത്തർപ്രദേശിൽ നിന്നുള്ള സംഘത്തെയാണ് സ്ഫോടകവസ്തുക്കൾ എത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. പാകിസ്ഥാനി ഭീകരൻ ഷെഹ്‌സാദ് ഭാട്ടിയാണ് പഞ്ചാബിലെ ഈ മൊഡ്യൂളിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്.
ഭീകരപ്രവർത്തനങ്ങൾക്കായി പ്രാദേശിക യുവാക്കളെയും കൗമാരക്കാരെയും റിക്രൂട്ട് ചെയ്യാൻ ഐഎസ്‌ഐ ഇടനിലക്കാർ ശ്രമിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ആറിലധികം വാട്ട്‌സ്ആപ്പ് നമ്പറുകൾ വഴിയാണ് ഇവർ ഭീകരരുമായി ബന്ധപ്പെട്ടിരുന്നത്. പിടിയിലായ ഒരു സംഘം രാജസൻസായി മേഖലയിൽ നിന്നാണ് കസ്റ്റഡിയിലായത്. കൊൽക്കത്ത എസ്ടിഎഫ് മുമ്പ് പിടികൂടിയ സംഘത്തിനും ഈ ആക്രമണ പദ്ധതിയിൽ പങ്കുണ്ടായിരുന്നതായി പോലീസ് കൂട്ടിച്ചേർത്തു.