
പാലക്കാട്: നാലു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന ഒന്നാം പ്രതി ഒടുവിൽ പൊലീസിന്റെ വലയിലായി. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷ് എന്ന പ്രതിയാണ് ആറു വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള കൊടകഞ്ചേരിയിൽ നിന്നാണ് കേരളാ പൊലീസിന്റെ പ്രത്യേക സംഘം ഇയാളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.
2019-ലാണ് നാടിനെ നടുക്കിയ ക്രൂരമായ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഭിക്ഷാടന മാഫിയയിലെ അംഗമായ സുരേഷും സംഘവും ചേർന്ന് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ദിവസങ്ങൾക്ക് ശേഷം അഴുകിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ടു സ്ത്രീകളടക്കം അഞ്ചുപേരാണ് കേസ്സിലെ പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ മൂന്നും അഞ്ചും പ്രതികളെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി സുരേഷ് അറസ്റ്റിലായതോടെ കേസിൽ ഇനി രണ്ടുപേർ കൂടി മാത്രമാണ് പിടിയിലാകാനുള്ളത്. ഒളിവിലുള്ള ബാക്കി പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.