
കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. നേരത്തെ എല്ലാ ജില്ലകൾക്കും നൽകിയിരുന്ന മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരത്തെയും കൊല്ലത്തെയും ഒഴിവാക്കി. നേരത്തെ ഒൻപത് ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം.
പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള മറ്റ് ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
മറ്റു ജില്ലകളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.