
തിരുവനന്തപുരം: അർധരാത്രിക്ക് ശേഷം മൊബൈൽ ഫോണുകളിൽ അസാധാരണ ശബ്ദത്തിൽ ഉയർന്ന അലാറം കേട്ട് സംസ്ഥാനത്ത് പലരും ഞെട്ടിയുണർന്നു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി അയച്ച അടിയന്തര മഴ മുന്നറിയിപ്പ് സന്ദേശമായിരുന്നു ഇത്. ഉറക്കത്തിനിടയിൽ മുഴങ്ങിയ ഉച്ചത്തിലുള്ള അലാറം കേട്ട് ആളുകൾ ആദ്യം പരിഭ്രാന്തരായെങ്കിലും, റെഡ് അലർട്ട് പ്രഖ്യാപിച്ച മേഖലകളിലുള്ളവർക്ക് ജാഗ്രത പാലിക്കാൻ നൽകിയ അടിയന്തര സന്ദേശമാണിതെന്ന് പിന്നീട് വ്യക്തമായി.
അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് നേരിട്ട് മുന്നറിയിപ്പ് നൽകുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ച 'സചേത്' (Sachet) ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം വഴിയാണ് ഈ സന്ദേശങ്ങൾ ഫോണുകളിലേക്ക് എത്തിയത്. 2026 മേയിലാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന് ഈ സംവിധാനത്തിന്റെ പരീക്ഷണം പൂർത്തിയാക്കിയത്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സമയബന്ധിതമായി ഉണർത്തുകയും അപകടാവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്തുകയുമാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.
'ജിയോ ടാർഗറ്റിങ്' സാങ്കേതികവിദ്യ ഉപയോഗിച്ച് നിർദ്ദിഷ്ട മേഖലയിലെ കോടിക്കണക്കിന് ഫോണുകളിലേക്ക് ഒരേസമയം ഈ അലർട്ട് എത്തിക്കാൻ സാധിക്കും. ഫോൺ സൈലന്റ് മോഡിലോ 'ഡൂ നോട്ട് ഡിസ്റ്റർബ്' (DND) മോഡിലോ ആണെങ്കിൽ പോലും അത് മറികടന്ന് അതിശക്തമായ ശബ്ദത്തിൽ അലാറം മുഴങ്ങുകയും സ്ക്രീനിൽ ജാഗ്രതാ സന്ദേശം തെളിയുകയും ചെയ്യും. അതിനാൽ ഇത്തരം മുന്നറിയിപ്പുകളെ നിസ്സാരമായി കാണരുതെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.