
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാർക്ക് ഇൻസെന്റീവ് നൽകുന്നതിന് ഏർപ്പെടുത്തിയിരുന്ന കർശനമായ മാനദണ്ഡങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ സേവനമനുഷ്ഠിക്കുന്ന എല്ലാ ആശാ വർക്കർമാർക്കും വ്യവസ്ഥകളൊന്നുമില്ലാതെ പ്രതിമാസം 12,000 രൂപ ഉറപ്പാകും. ഓണറേറിയം 12,000 രൂപയായി നിശ്ചയിച്ചതിന് പിന്നാലെയാണ് യുഡിഎഫ് സർക്കാരിന്റെ നിർണായകമായ ഈ നടപടി. കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമർപ്പിച്ച നിവേദനം പരിഗണിച്ച് ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി.
മുൻ സർക്കാരിന്റെ കാലത്ത് ഇൻസെന്റീവിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും ഓണറേറിയം പകുതിയായി വെട്ടിക്കുറയ്ക്കുകയും ചെയ്തുകൊണ്ടുള്ള ഉത്തരവാണ് നിലവിലെ സർക്കാർ പിൻവലിച്ചിരിക്കുന്നത്. 2018 മുതലായിരുന്നു ഓണറേറിയത്തിന് പത്ത് കടുപ്പമേറിയ മാനദണ്ഡങ്ങൾ മുൻ സർക്കാർ നടപ്പിലാക്കിയത്. ഇത് ആശാ വർക്കർമാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
തുടർന്ന് തങ്ങളുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2025 ഫെബ്രുവരി 10 മുതൽ ആശാ വർക്കർമാർ ശക്തമായ രാപകൽ സമരം ആരംഭിച്ചിരുന്നു. തുടർന്ന് മാനദണ്ഡങ്ങൾ പിൻവലിച്ചെങ്കിലും മറ്റൊരു രീതിയിൽ അത് ഇൻസെന്റീവിൽ ഉൾപ്പെടുത്തിയത് വീണ്ടും പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനാണ് പുതിയ ഉത്തരവിലൂടെ ഇപ്പോൾ ശാശ്വതമായ പരിഹാരമായിരിക്കുന്നത്.