Image

സംസ്ഥാനത്ത് തീവ്രമഴ തുടരുന്നു: 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്ത് ജാഗ്രതാനിർദേശം

Published on 05 August, 2026
സംസ്ഥാനത്ത് തീവ്രമഴ തുടരുന്നു: 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്ത് ജാഗ്രതാനിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ തെക്കൻ കർണാടകയ്ക്ക് മുകളിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴികളുടെ സ്വാധീനത്താൽ ഓഗസ്റ്റ് 8 വരെ സംസ്ഥാനത്തുടനീളം അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

​ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും തുടരും. മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

​മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കൂടാതെ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കന്യാകുമാരി, ആൻഡമാൻ, ലക്ഷദ്വീപ് മേഖലകളിലും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക