
തിരുവനന്തപുരം: ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ സംസ്ഥാനത്ത് ലഭിച്ചത് സാധാരണയെക്കാൾ ഏകദേശം മൂന്നിരട്ടി മഴയാണെന്ന് ഔദ്യോഗിക കണക്കുകൾ. ഈ കാലയളവിൽ 73.2 മില്ലീ മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 205.8 മില്ലീ മീറ്റർ മഴ ലഭിച്ചതോടെ 181 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടെ പല ജില്ലകളിലും സാധാരണയേക്കാൾ ഇരട്ടിയിലധികം മഴ ലഭിച്ചു. 49.7 മില്ലീ മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 275.5 മില്ലീ മീറ്റർ മഴ ലഭിച്ച പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ മഴക്കൂടുതൽ രേഖപ്പെടുത്തിയത്. ഇവിടെ 454 ശതമാനം അധികമഴയാണ് ലഭിച്ചത്. 24.8 മില്ലീ മീറ്ററിന് പകരം 121.8 മില്ലീ മീറ്റർ മഴ ലഭിച്ച തിരുവനന്തപുരം 391 ശതമാനം അധികമഴയോടെ രണ്ടാം സ്ഥാനത്താണ്. കോഴിക്കോട് 290.1 മില്ലീ മീറ്റർ മഴ ലഭിച്ച് 274 ശതമാനം അധികമഴ രേഖപ്പെടുത്തി.