Image

98% വീടുകളിലും വെള്ളം കയറി; കോട്ടയം തിരുവാർപ്പ് പഞ്ചായത്തിൽ പ്രളയസമാന സാഹചര്യം

Published on 04 August, 2026
 98% വീടുകളിലും വെള്ളം കയറി; കോട്ടയം തിരുവാർപ്പ് പഞ്ചായത്തിൽ  പ്രളയസമാന സാഹചര്യം

 കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകിയതോടെ കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിൽ പ്രളയസമാനമായ സാഹചര്യം. പഞ്ചായത്തിലെ 98 ശതമാനം വീടുകളിലും വെള്ളം കയറി ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. 19 വാർഡുകളിലായി ആകെ സ്ഥിതി ചെയ്യുന്ന 8,064 വീടുകളിൽ 7,924 വീടുകളും നിലവിൽ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

പഞ്ചായത്തിലെ താരതമ്യേന ഉയർന്ന പ്രദേശങ്ങളായ ചെങ്ങളം, കിളിരൂർ മേഖലകളിലെ 140 വീടുകളിൽ മാത്രമാണ് ഇതുവരെ വെള്ളം കയറാതെയുള്ളത്. ഒരു പഞ്ചായത്തിലെ ഇത്രയധികം വീടുകൾ ഒരുമിച്ച് വെള്ളത്തിലാകുന്നത് സംസ്ഥാനത്ത് തന്നെ അപൂർവ്വ സംഭവമാണ്.

33.59 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുവാർപ്പ് പഞ്ചായത്തിന്റെ ഭൂരിഭാഗവും താഴ്ന്ന സമതലങ്ങളും പാടശേഖരങ്ങളുമാണ്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരം ഉൾപ്പെടെ പഞ്ചായത്ത് പ്രദേശത്തിന്റെ 21 ശതമാനവും പാടശേഖരങ്ങളാണ്. 2018-ലെ പ്രളയത്തിൽ പോലും ഇത്രയും വെള്ളമുയർന്നിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അന്ന് ഭാഗികമായി മാത്രം വെള്ളം കയറിയ പഞ്ചായത്ത് ഓഫീസ് ഇത്തവണ പൂർണ്ണമായും മുങ്ങി.

ദുരന്ത ബാധിതർക്കായി തുറന്ന 13 ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവിൽ 250 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക