
ഇടുക്കി: തോരാതെ പെയ്യുന്ന കനത്ത മഴയിൽ തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ വ്യാപക മണ്ണിടിച്ചിലും റോഡ് തകർച്ചയും. പത്തിലധികം കേന്ദ്രങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് മലയോര മേഖലയിലെ ഗതാഗതം ദുഷ്‌കരമായി. അശാസ്ത്രീയമായ റോഡ് നിർമാണവും ആവശ്യത്തിന് ഓടകളില്ലാത്തതുമാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കാൽവരി മൗണ്ട് ഒമ്പതാം മൈൽ ഭാഗത്ത് വൻതോതിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ഇതോടെ പാതയിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി സ്‌തംഭിച്ചു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും പ്രദേശവാസികളും മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്. തുടർന്ന് ഇന്ന് രാവിലെയോടെ ജെസിബി ഉപയോഗിച്ച് റോഡിലെ മണ്ണ് പൂർണമായി നീക്കം ചെയ്യുകയും ചെയ്‌തു.