
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അവസാന അവസരം നൽകിയിരിക്കയാണെന്നും 'തല വെട്ടുന്നതിനു മുൻപ്' അവർക്കു അതു ചെയ്യാമെന്നും പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച്ച മാധ്യമങ്ങളോടു പറഞ്ഞു. "ഫലത്തിൽ നാളെ ഹോർമുസ് തുറന്നിരിക്കണം."
യുഎസുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നു ഇറാൻ ഞായറാഴ്ച്ച ആവർത്തിച്ചിരുന്നു. "അവർ നുണ പറയുകയാണ്," ട്രംപ് പറഞ്ഞു. "ചർച്ച നടത്തണമെന്നു യാചിക്കുന്ന അവർ അക്കാര്യം പരസ്യമായി പറയാതെ തട്ടിപ്പു നടത്തുകയാണ്."
ഹോർമുസ് തുറക്കാൻ വൈകിയാൽ കാര്യങ്ങൾ ഏറെ സങ്കീർണമാവും എന്നു ട്രംപ് ആവർത്തിച്ചു. "നാളെ തന്നെ ചെയ്യണം."
ചർച്ചകളിൽ പങ്കെടുക്കാൻ ആരും പോയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി തീർഥാടനത്തിനു ഇറാഖിൽ പോയിട്ടുണ്ട്. മറ്റുളളവരെല്ലാം ഇറാനിൽ തന്നെയുണ്ട്.
സൗദി അറേബ്യ, യു എ ഇ, ഖത്തർ എന്നീ സഖ്യരാജ്യങ്ങൾ അഭ്യർത്ഥിച്ചിട്ടാണ് താൻ ആക്രമണം മാറ്റിവച്ചതെന്നു ട്രംപ് പറഞ്ഞു.
ശനിയാഴ്ച്ച തുടങ്ങാനിരുന്ന ആക്രമണം മാറ്റിവയ്ക്കാൻ ഇറാനും അഭ്യർഥിച്ചെന്നു അദ്ദേഹം പറഞ്ഞു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ട്രംപിനെ വിളിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇറാനെതിരായ ആക്രമണ നീക്കത്തെ കുറിച്ച് അദ്ദേഹം വിശദാംശങ്ങൾ ചോദിച്ചു. അതിനു ശേഷമാണു ട്രംപ് ആക്രമണം മാറ്റി വയ്ക്കുന്നു എന്നു പ്രഖ്യാപിച്ചത്.
Trump says Iran talks ongoing to open Hormuz