Image

ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൈവിട്ടാലും പാർട്ടിയെ നിയന്ത്രിക്കാമെന്നു ട്രംപ് കണക്കുകൂട്ടുന്നു (പിപിഎം)

Published on 03 August, 2026
ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൈവിട്ടാലും പാർട്ടിയെ നിയന്ത്രിക്കാമെന്നു ട്രംപ് കണക്കുകൂട്ടുന്നു (പിപിഎം)

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടമായാലും പ്രശ്നമില്ലെന്ന സമീപനമാണ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് കൈക്കൊള്ളുന്നതെന്നു റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം എന്തായാലും പാർട്ടിയുടെ മേൽ കൂടുതൽ പിടിമുറുക്കാൻ കഴിയുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ എന്നാണ് 'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്യുന്നത്.  

ട്രംപിന്റെ ഉപദേഷ്ടാക്കളെ ഉദ്ധരിച്ചാണ് 'ആക്‌സിയോസ്' ഈ നിഗമനങ്ങളിൽ എത്തിയത്. റിപ്പബ്ലിക്കൻ പാർട്ടി വീണ്ടും കോൺഗ്രസ് പിടിക്കണം എന്നു ട്രംപ് ആഗ്രഹിക്കുന്നു. എന്നാൽ കാലാവസ്ഥ അനുകൂലമല്ല എന്നിരിക്കെ ഡെമോക്രാറ്റുകൾ വിജയിച്ചാലും പ്രശ്നമില്ല എന്ന ചിന്തയിൽ അദ്ദേഹം എത്തിയിട്ടുണ്ട്.

ഡെമോക്രാറ്റിക് നിയന്ത്രണമുള്ള കോൺഗ്രസ് തന്റെ കുടുംബത്തിനും സമ്പത്തിനും നയങ്ങൾക്കും എതിരെ അന്വേഷണം ആരംഭിക്കുമെന്നു ട്രംപിന് അറിയാം. അത് അദ്ദേഹം കാര്യമാക്കുന്നില്ല. പ്രതികൂല കാലാവസ്ഥയിൽ തന്നെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്ന റിപ്പബ്ലിക്കൻ നേതാക്കൾ തന്റെ കൂടെ ഉറച്ചു നിൽക്കുമെന്നും അങ്ങിനെ പാർട്ടിയിൽ 2028 സ്ഥാനാർഥികളെ നിർണയിക്കാൻ തനിക്കു കഴിയുമെന്നും ട്രംപ് കരുതുന്നു.

സെനറ്റിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം സാധ്യമാണ് എന്ന ചിന്തയുണ്ട്. അങ്ങിനെ വന്നാൽ പാർട്ടിയിലെ ട്രംപിന്റെ എതിരാളികൾ പലരും അപ്രത്യക്ഷരാവുകയും പാർട്ടി അദ്ദേഹത്തിന്റെ ചൊല്പടിക്കു നിൽക്കുകയും ചെയ്യും. ഹൗസിലും ട്രംപിന്റെ റിപ്പബ്ലിക്കൻ എതിരാളികൾ പലരും പുറത്തു പോകും. തോമസ് മാസി, മാർജോറി ടെയ്‌ലർ ഗ്രീൻ എന്നിങ്ങനെയുള്ള എതിരാളികൾ ഇനി ഉണ്ടാവില്ല.

2028ൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ പ്രസിഡന്റ് സ്ഥാനാർഥി ആവുകയും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ വി പി സ്ഥാനാർഥിയാവുകയും ചെയ്യണം എന്നാണ് ട്രംപിന്റെ ആഗ്രഹം. ഭാവിയിൽ അവരുടെ മേൽ സ്വാധീനം ചെലുത്താൻ തനിക്കു കഴിയുമെന്ന് അദ്ദേഹം കരുതുന്നു.

അധികാരം ഒഴിഞ്ഞാലും തന്റെ സ്വാധീനം നിലനിർത്തുകയും യുഎസ് രാഷ്ട്രീയത്തെ നിയന്ത്രിക്കയും ചെയ്യാമെന്നു ട്രംപ് ആഗ്രഹിക്കുന്നു. തന്റെ രാഷ്ട്രീയ അടിത്തറയും ധനസമാഹരണത്തിനുള്ള കഴിവും ഉപയോഗിച്ചു അതു സാധ്യമാകും എന്നദ്ദേഹം കരുതുന്നു.

റിപ്പബ്ലിക്കൻ നേതാക്കൾ തുടർന്നും തന്റെ സഹായം തേടും എന്ന പ്രതീക്ഷ ട്രംപിന് ഏറെ സന്തോഷമാണ്.

വാൻസിനും റുബിയോയ്ക്കും പകരം ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ്, സെനറ്റർ ടെഡ് ക്രൂസ്, സെനറ്റർ ജോഷ് ഹൊവ്ലി എന്നിവർ രംഗത്തു വരാമെന്നു വൈറ്റ് ഹൗസ് കണക്കു കൂട്ടുന്നുണ്ട്.

കോൺഗ്രസിൽ നിയന്ത്രണം ഇല്ലെങ്കിൽ അവരെ അവഗണിച്ചു മുന്നോട്ടു പോകാമെന്നു ട്രംപ് കരുതുന്നതായി 'ആക്‌സിയോസ്' റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കോൺഗ്രസ് വിളിച്ചു വരുത്താൻ ശ്രമിച്ചാൽ അത് കാര്യമാക്കേണ്ട എന്നതാണ് നിലപാട്. അതു പക്ഷെ ഭരണഘടനാ പ്രശ്നങ്ങൾക്കു വഴി തെളിക്കും.

Trump eyes post-midterm power 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക