
ഇറാനുമായുള്ള പുതിയ ചർച്ചകൾ തിങ്കളാഴ്ച്ച ആരംഭിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച്ച അറിയിച്ചു. ഹോർമുസ് കടലിടുക്ക് സംബന്ധിച്ചും ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചും അന്തിമമായി തീരുമാനം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ, യു എ ഇ, ഖത്തർ എന്നീ സഖ്യരാജ്യങ്ങൾ അഭ്യർത്ഥിച്ചിട്ടാണ് താൻ ആക്രമണം മാറ്റിവച്ചതെന്നു ട്രംപ് പറഞ്ഞു.
ആക്രമണം മാറ്റിവയ്ക്കാൻ ഇറാനും അഭ്യർഥിച്ചെന്നു അദ്ദേഹം റിപ്പോർട്ടർമാരോട് പറഞ്ഞു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ട്രംപിനെ വിളിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇറാനെതിരായ ആക്രമണ നീക്കത്തെ കുറിച്ച് അദ്ദേഹം വിശദാംശങ്ങൾ ചോദിച്ചു. അതിനു ശേഷമാണു ട്രംപ് ആക്രമണം മാറ്റി വയ്ക്കുന്നു എന്നു പ്രഖ്യാപിച്ചത്.
ആക്രമണം ഒഴിവാക്കാൻ അറബ് രാജ്യങ്ങൾക്കു പുറമേ പാക്കിസ്ഥാനും തുർക്കിയും ട്രംപിനോട് അഭ്യർഥിച്ചിരുന്നു.
ഒമാനുമായി ധാരണയെന്നു ഇറാൻ
ഹോർമുസ് കടലിടുക്ക് സംയുക്തമായി നിയന്ത്രിക്കുന്നതു സംബന്ധിച്ച് ഒമാനുമായി നടക്കുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിയെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഞായറാഴ്ച്ച പറഞ്ഞു.
എന്നാൽ ഹോർമുസ് അടച്ചിടുന്ന കാര്യമോ തുറന്നിടുന്ന കാര്യമോ അല്ല ചർച്ച ചെയ്യുന്നതെന്നു വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പരമാധികാരം ഉറപ്പാക്കുന്ന വിധം കടലിടുക്കിൽ പുതിയൊരു കപ്പൽ പാത ഉണ്ടാക്കാനുളള ശ്രമമാണ് നടക്കുന്നത്.
Trump says fresh Iran talks set for Monday