
നോർത്ത് കൊറിയയിൽ യുഎസ് രഹസ്യ സൈനിക നീക്കം നടത്തിയെന്ന റിപ്പോർട്ടിന്റെ പേരിൽ 'ന്യൂ യോർക്ക് ടൈംസ്' ലേഖകൻ മാത്യു കോളിനു ട്രംപ് ഭരണകൂടം സപ്പീന അയച്ചുവെന്നു സ്ഥിരീകരണം. ഖത്തർ പ്രസിഡന്റ് ട്രംപിനു നൽകിയ എയർ ഫോഴ്സ് വൺ വിമാനത്തിൽ സുരക്ഷാ പോരായ്മ ഉണ്ടെന്ന റിപ്പോർട്ടിന്റെ പേരിൽ നിരവധി റിപ്പോർട്ടർമാരുടെ വീടുകളിൽ എത്തി സപ്പീന നൽകിയതിനെ കോടതി രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.
ഫ്രീലാൻസ് റിപ്പോർട്ടറായ കോൾ കഴിഞ്ഞ സെപ്റ്റംബറിൽ 'ടൈംസ്' നാഷനൽ കറസ്‌പോണ്ടന്റ് ഡേവ് ഫിലിപ്‌സുമായി ചേർന്നു നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ പ്രകോപനമായത്. നോർത്ത് കൊറിയൻ തീരത്തു എത്തിയ യുഎസ് നേവി സീലുകൾ അവിടെ ആശയവിനിമയം പിടിച്ചെടുക്കാൻ രഹസ്യ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചു എന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ ഒരു കൊറിയൻ ബോട്ട് എത്തിയതോടെ അവരുടെ ശ്രമം പാളിയെന്നും ഇരു ഭാഗത്തു നിന്നും വെടിവയ്പ് ഉണ്ടായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഫെബ്രുവരിയിൽ ന്യൂ യോർക്ക് സിറ്റിയിലെ കോളിന്റെ വീട്ടിൽ എഫ് ബി ഐ ഏജന്റുമാർ സപ്പീന നൽകാൻ എത്തി. അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ അഭിഭാഷകനെ ഏല്പിച്ചു.
സർക്കാർ രഹസ്യങ്ങൾ ചോരുന്നതു തടയാൻ എന്ന പേരിൽ ഭരണകൂടം നടത്തുന്ന ഈ ശ്രമങ്ങൾ വാർത്ത ചോർത്തി കൊടുക്കുന്നവരെ ലക്‌ഷ്യം വച്ചുള്ളതാണ്. കോളിന്റെ പ്രതിരോധത്തിനു 'ടൈംസ്' അഭിഭാഷകനെ നൽകിയിട്ടുണ്ട്.
പത്ര സ്വാതന്ത്ര്യവും ഒന്നാം ഭേദഗതി നൽകുന്ന അവകാശങ്ങളുമാണ് ഭരണകൂടം അപഹരിക്കാൻ ശ്രമിക്കുന്നതെന്നു അഭിഭാഷകൻ ഡേവിഡ് ഒനീൽ പറഞ്ഞു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്തുകയില്ല താനും.
മാധ്യമങ്ങളുടെ മേൽ ട്രംപ് ഭരണകൂടം അഴിച്ചു വിടുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ഈ സംഭവമെന്നു 'ടൈംസ്' വക്താവ് ചാർളി സ്റ്റാഡ്ലാൻഡർ പറഞ്ഞു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണം എന്ന ആവശ്യം നിയമവിരുദ്ധമാണ്.
ഇറാൻ യുദ്ധം സംബന്ധിച്ച ഒരു വാർത്ത നൽകിയ വോൾ സ്ട്രീറ്റ് ജേർണലിന്റെ ലേഖകൻമാർ ഉറവിടം വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടു മാർച്ചിൽ ഭരണകൂടം സപ്പീന നൽകിയിരുന്നു. ക്രിമിനൽ അന്വേഷണങ്ങളിൽ സപ്പീന അവസാന ആയുധമാണ്. റിപ്പോർട്ടർമാർക്കു വീട്ടിൽ ചെന്നു നൽകുന്നത് അസാധാരണവും.
ടൈംസ് ലേഖകന്മാർക്കു സപ്പീന നൽകിയതിനെ കുറിച്ചു സെനറ്റിൽ ചൊവാഴ്ച്ച ഡെമോക്രാറ്റുകൾ ചോദ്യം ഉന്നയിച്ചിരുന്നു. ദേശസുരക്ഷയുടെ ആവശ്യമാണ് ഈ നീക്കമെന്നാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ വാദം.
Subpoena to another 'Times' reporter revealed