Image

മിഡിൽ ഈസ്റ്റ് വിടാൻ യുഎസ് പൗരന്മാരോട് എംബസികൾ നിർദേശിച്ചു (പിപിഎം)

Published on 02 August, 2026
മിഡിൽ ഈസ്റ്റ് വിടാൻ യുഎസ് പൗരന്മാരോട് എംബസികൾ നിർദേശിച്ചു (പിപിഎം)

മിഡിൽ ഈസ്റ്റിൽ ജീവിക്കുന്ന അമേരിക്കൻ പൗരന്മാർ കഴിയുന്നത്ര വേഗം ആ മേഖല വിടണമെന്ന് യുഎസ് എംബസികൾ താക്കീതു നൽകിയതോടെ യുദ്ധം മുറുകും എന്ന ആശങ്ക വീണ്ടും ഉയർന്നു. ഇറാൻ ഭരണകൂടത്തിന്റെ നീക്കങ്ങൾ പ്രവചിക്കാൻ കഴിയില്ലെന്നും പ്രതീക്ഷിക്കാത്ത വിധം സംഘർഷം മൂർച്ഛിക്കാമെന്നും എംബസികൾ പറയുന്നു. കാര്യങ്ങൾ ഏറെ സങ്കീർണമാണ്.

പ്രസിഡന്റ് ട്രംപ് ഇറാനു ആവർത്തിച്ചു താക്കീതു നൽകുകയും ഇറാൻ രൂക്ഷമായി പ്രതികരിക്കയും ചെയ്യുന്നതിനിടയിലാണ് ഈ താക്കീത്. വാരാന്ത്യത്തിൽ കനത്ത യുഎസ് ആക്രമണം ഉണ്ടാവും എന്നു ചില യുഎസ് ഉദ്യോഗസ്ഥന്മാർ പറയുന്നുമുണ്ട്.

ഇസ്രയേൽ, ജോർദാൻ, ഇറാഖ്, ഈജിപ്ത്, ബഹ്‌റൈൻ, യു എ ഇ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലെ എംബസികൾ ഉൾപ്പെടെയാണ് യുഎസ് പൗരന്മാർക്ക് ശനിയാഴ്ച്ച ഈ നിർദേശം നൽകിയത്. ഉടൻ സ്ഥലം വിടാൻ കഴിയാത്തവർ ആവശ്യം വരുന്ന ഏതു സമയത്തും പുറപ്പെടാൻ തയ്യാറായിരിക്കണം എന്നു അവർ വെബ്‌സൈറ്റുകളിൽ കുറിച്ചിട്ടുണ്ട്.

എന്നാൽ ഫ്ലൈറ്റുകൾ ഏതു നിമിഷവും റദ്ദാക്കാൻ ഇടയുണ്ട് എന്ന സാധ്യതയും ചൂണ്ടിക്കാട്ടുന്നു.  

മിഡിൽ ഈസ്റ്റിനു പുറത്തുള്ളവർ അവിടേക്കുള്ള യാത്രകൾ ഒഴിവാക്കണം എന്ന നിർദേശവുമുണ്ട്.

യുഎസ് ആക്രമണം ഉണ്ടായാൽ വ്യാപകമായും വിപുലമായും തിരിച്ചടിക്കാൻ ഇറാൻ തയാറായിക്കഴിഞ്ഞെന്നു തസ്‌നീം ന്യൂസ് ഏജൻസി ശനിയാഴ്ച്ച പറഞ്ഞിരുന്നു. ഇസ്രയേലിന്റെ നിർണായക അടിസ്ഥാന സൗകര്യങ്ങളും മേഖലയിലെ യുഎസ് ഊർജ കേന്ദ്രങ്ങളും ആക്രമിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട് എന്നതാണ് സൂചന.  

അതേ സമയം, ചെങ്കടലിൽ സൗദി അറേബ്യയ്ക്കു എതിരെ യെമെനിലെ ഹൂത്തി കലാപകാരികൾ ഉപരോധം ഏർപ്പെടുത്തിയത് മറ്റൊരു സംഘർഷ മേഖല കൂടി തുറന്നിട്ടുണ്ട്. ഇറാഖിൽ നിന്നു ഇറാന്റെ പിന്തുണയുള്ള ഭീകരർ സൗദി എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കയും യുഎസ്, സൗദി സേനകൾ ചേർന്നു തിരിച്ചടിക്കയും ചെയ്തതോടെ മറ്റൊരു പോർമുഖം കൂടി തുറന്നു.

ഈജിപ്തിന്റെ കപ്പലുകൾക്കു നേരെ ഇറാൻ ആക്രമണം നടത്തിയതോടെ ആ രാജ്യവും യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു.

US embassies in Middle East warn citizens to leave 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക