
ടൊറന്റോ : ആത്മീയ ശക്തികളും അതീന്ദ്രിയ കഴിവുകളും ഉപയോഗിച്ച് ''സംരക്ഷണം'' നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒരു വ്യക്തിയില്‍ നിന്ന് ഏകദേശം 8 ലക്ഷം കാനഡ ഡോളര്‍ (CA$800,000) തട്ടിയെടുത്തെന്ന കേസില്‍ 29 വയസുകാരനെതിരെ ടൊറന്റോ പൊലീസ് കാനഡയിലുടനീളമുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഗംഗാധര്‍ ബാബു എന്ന പ്രതി 2024 ഏപ്രില്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ ''ബാബു'' എന്ന പേരില്‍ ജ്യോതിഷിയും ആത്മീയ രോഗശാന്തിക്കാരനും (Spiritual Healer) ആയി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത്. 'Indian Psychic and Spiritual Healer' എന്ന പേരില്‍ ഇയാള്‍ ഒരു സ്ഥാപനം നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതീന്ദ്രിയ ശക്തികളില്‍ വിശ്വാസമുള്ള ഇരയുടെ വിശ്വാസം നേടിയ ശേഷം, താനും കുടുംബാംഗങ്ങളും മരണത്തിനോ ഗുരുതര അപകടങ്ങള്‍ക്കോ ഇരയാകുമെന്ന ഭയം സൃഷ്ടിച്ച് ''ആത്മീയ സംരക്ഷണത്തിനായി'' തുടര്‍ച്ചയായി പണം നല്‍കാന്‍ പ്രതി നിര്‍ബന്ധിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം. ഇതുവഴിയാണ് ഏകദേശം CA$800,000 തട്ടിയെടുത്തതെന്നും പൊലീസ് അറിയിച്ചു.
$5,000-ലധികം തട്ടിപ്പ്, കുറ്റകൃത്യത്തിലൂടെ ലഭിച്ച പണത്തിന്റെ കൈവശംവെക്കല്‍, കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ കാനഡ വിട്ടതായി പൊലീസ് സംശയിക്കുന്നതായും സമാന രീതിയില്‍ മറ്റ് ആളുകളും വഞ്ചിക്കപ്പെട്ടിട്ടുണ്ടാകാമെന്നതിനാല്‍ കൂടുതല്‍ പരാതിക്കാരെ അന്വേഷണസംഘം തേടുകയാണെന്നും അധികൃതര്‍ അറിയിച്ചു