
ഫ്ളോറിഡ: ആറ് പതിറ്റാണ്ടിനു ശേഷം ഒരേ ദിവസം രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പാക്കി യു.എസ്. സംസ്ഥാനമായ ഫ്ളോറിഡ. 1987-ല്‍ 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് ഡക്കറ്റ് (68), 1986-ല്‍ മുന്‍ കാമുകിയുടെ മാതാപിതാക്കളെ വെടിവെച്ചുകൊന്ന കേസില്‍ ഡൊമിനിക് ഒച്ചികോണി (80) എന്നിവരെയാണ് വിഷവാഹിനി കുത്തിവെച്ച് വധിച്ചത്.
സ്റ്റാര്‍ക്കിലെ ഫ്ളോറിഡ സ്റ്റേറ്റ് പ്രിസണില്‍ ചൊവ്വാഴ്ച അഞ്ച് മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ഇരുവര്‍ക്കുമുള്ള ശിക്ഷ നടപ്പിലാക്കിയത്. ഇതോടെ അമേരിക്കന്‍ ചരിത്രത്തില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഒച്ചികോണ്‍ മാറി. 1964-ന് ശേഷം ഇതാദ്യമായാണ് ഫ്ളോറിഡയില്‍ ഒരേ ദിവസം രണ്ട് വധശിക്ഷ നടക്കുന്നത്.
ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് തീരുമാനമെന്ന് ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് വ്യക്തമാക്കിയെങ്കിലും, രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് ഈ ധൃതിപിടിച്ച നടപടിയെന്ന ആരോപണവുമായി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. 2025 ജനുവരിക്ക് ശേഷം യു.എസില്‍ നടന്ന വധശിക്ഷകളില്‍ പകുതിയോളവും ഫ്ളോറിഡയിലാണ് നടന്നത്.