Image

ഇറാന്റെ മിന്നലാക്രമണം തകർത്തുവെന്നു യുഎസ്; സൗദിയുമൊത്തു ഇറാഖിലെ ഭീകരരെയും ആക്രമിച്ചു (പിപിഎം)

Published on 29 July, 2026
ഇറാന്റെ മിന്നലാക്രമണം തകർത്തുവെന്നു യുഎസ്; സൗദിയുമൊത്തു ഇറാഖിലെ ഭീകരരെയും ആക്രമിച്ചു (പിപിഎം)

യുഎസ്-ഇറാൻ യുദ്ധത്തിൽ അനൗദ്യോഗിക വെടിനിർത്തൽ നിലവിലിരിക്കെ ചൊവാഴ്ച്ച ജോർദാനിലെ യുഎസ് താവളത്തിനു നേരെ ഇറാൻ നടത്തിയ മിന്നലാക്രമണം തടഞ്ഞെന്നു യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു. യുഎസ് സൈന്യത്തിനു നേരെ ഇറാൻ വിപ്ലവ സേന ഐ ആർ ജി സി അപ്രതീക്ഷിതമായി ആക്രമണം നടത്തിയെന്നാണ് സെന്റ്‌കോം പറയുന്നത്.

ഐ ആർ ജി സി പിന്തുണയുള്ള ഭീകരർ ഇറാഖിൽ നിന്നു സൗദി എണ്ണ കേന്ദ്രങ്ങൾക്കു നേരെ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി യുഎസ്, സൗദി സേനകൾ സംയുക്തമായി ആക്രമണം നടത്തിയെന്നും സെന്റ്‌കോം പറഞ്ഞു.

യുഎസ്-ഇറാൻ ചർച്ചകൾക്കായി പ്രസിഡന്റ് ട്രംപ് യുദ്ധം നിർത്തി വയ്ക്കുകയും ഇറാനും വെടിനിർത്തൽ നടപ്പാക്കുകയും ചെയ്തതിനിടയിലാണ് ഈ ആക്രമണ-പ്രത്യാക്രമണങ്ങൾ. ചർച്ച സുഗമമായി പുരോഗമിക്കുന്നു എന്നു ഞായറാഴ്ച്ച ട്രംപ് പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഐ ആർ ജി സി മുപ്പതിലേറെ ഡ്രോണുകൾ അടിച്ചെന്നു സെന്റ്‌കോം പറയുന്നു. ചൊവാഴ്ച്ച ഒന്നിലേറെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. അപ്രതീക്ഷിത ആക്രമണത്തിനാണ് അവർ ശ്രമിച്ചത്.

ജോർദാനിലേക്കു നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിട്ടുവെന്നു 'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്‌തു.

സൗദി അറേബ്യ സ്ഥിരീകരിച്ചു

ഇറാഖിലെ ഇറാൻ അനുകൂല ഭീകരരെ ആക്രമിച്ചെന്നു സൗദി അറേബ്യ സ്ഥിരീകരിച്ചു. ഈസ്റ്റേൺ പ്രോവിൻസിലെയും റിയാദിലെയും എണ്ണ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം ഉണ്ടായതു കൊണ്ടാണ് തിരിച്ചടിച്ചതെന്നും യുദ്ധത്തിലേക്കു പോകാൻ താത്പര്യമില്ലെന്നും സൗദി വക്താവ് തുർക്കി അൽ മാലിക്കി പറഞ്ഞു.

ഇറാൻ ഈ പ്രസ്താവനകളോടു പ്രതികരിച്ചിട്ടില്ല. ഇത്തരം ആക്രമണങ്ങൾ തിരിച്ചടി ആണെന്നാണ് ഇറാൻ പറയാറുള്ളത്. ഇറാനെ ആക്രമിച്ചാൽ മാത്രമേ അതുണ്ടാവൂ എന്നാണ് അവർ വിശദീകരിച്ചിട്ടുള്ളത്‌.

ഇറാനെ 13 ദിവസം തുടർച്ചയായി ബോംബ് ചെയ്ത ശേഷമാണു യുഎസ് ആക്രമണം നിർത്തി ചർച്ചയ്ക്കു തയാറായത്. വേണ്ടി വന്നാൽ വീണ്ടും ആക്രമിക്കുമെന്നു താക്കീതു നൽകിയ ട്രംപ് ചൊവാഴ്ച്ച ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ചിരുന്നു.

US says Iran's surprise attacks repelled  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക