Image

എമിറേറ്റസിൽ ഇനി ക്രിപ്റ്റോ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം; പുതിയ പേയ്മെന്റ് സൗകര്യം അവതരിപ്പിച്ചു

Published on 28 July, 2026
എമിറേറ്റസിൽ ഇനി ക്രിപ്റ്റോ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം; പുതിയ പേയ്മെന്റ് സൗകര്യം അവതരിപ്പിച്ചു


ദുബായ്: ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഡിജിറ്റൽ കറൻസി പേയ്മെന്റുകൾ സ്വീകരിക്കുന്നതിനായി ലൈസൻസുള്ള ക്രിപ്റ്റോ എക്സ്ചേഞ്ച് കമ്പനിയായ ക്രിപ്റ്റോ കോമുമായി സഹകരിച്ചാണ് പുതിയ സംവിധാനംഒരുക്കിയത്.

എമിറേറ്റ്സിന്റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ക്രിപ്റ്റോ കോം അക്കൗണ്ട് ഉപയോക്താക്കൾക്ക് പണമടയ്ക്കുന്ന ഘട്ടത്തിൽ "crypto.com Pay' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. യുഎഇയിലെ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ടിക്കറ്റ് നിരക്ക് ദിർഹത്തിലാണ് നിശ്ചയിക്കുക. യുഎഇയിലെ താമസക്കാർക്കാണ് നിലവിൽ ഈ സേവനം ലഭ്യമാകുക. ക്രിപ്റ്റോ കോം വഴി പേയ്മെന്റ് പൂർത്തിയാക്കിയാൽ യാത്രാ ടിക്കറ്റ് ലഭ്യമാകും. സിംഗപ്പൂർ ആസ്ഥാനമായ ക്രിപ്റ്റോ കോം, യുഎഇ സെൻട്രൽ ബാങ്കിൽ നിന്ന് സ്റ്റോർഡ് വാല്യൂ ഫെസിലിറ്റീസ് ലൈസൻസ് നേടിയ ആദ്യ വെർച്വൽ അസറ്റ് സർവീസ്
പ്രൊവൈഡർ സ്ഥാപനമാണ്.

വിമാനയാത്ര ഉൾപ്പെടെയുള്ള വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ക്രിപ്റ്റോ പേയ്മെന്റുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ യുഎഇ വർധിപ്പിച്ചുവരുന്ന സാഹചര്യത്തിലാണ് എമിറേറ്റ്സിന്റെ പുതിയ നീക്കം. ഡിജിറ്റൽ കറൻസി ഉപയോഗം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനത്തെ വിലയിരുത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക