Image

ടാൽകം പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചെന്ന് പരാതി; 5.5 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

Published on 28 July, 2026
ടാൽകം പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചെന്ന് പരാതി;  5.5 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ


ന്യൂജേഴ്സി: തങ്ങളുടെ ടാൽക്കം പൗഡർ ഉപയോഗിച്ചതുമൂലം അണ്ഡാശയ അർബുദം (Ovarian Cancer) അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഒത്തുതീർപ്പിനൊരുങ്ങി പ്രമുഖ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ.

 ദീർഘകാലമായി തുടരുന്നനിയമപോരാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 5.5 ബില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാൻ തയ്യാറാണെന്ന് കമ്പനി അറിയിച്ചു. അടുത്ത വർഷം മുതൽ മൂന്ന് ബില്യൺ ഡോളർ വരെ വിതരണം ചെയ്യുമെന്നും 2028 ഓടെ കുടിശ്ശിക മുഴുവൻ തീർക്കുമെന്നുമാണ് കമ്പനിയുടെ ലിറ്റിഗേഷൻ വൈസ് പ്രസിഡന്റ് എറിക് ഹാസ് വ്യക്തമാക്കിയത്.

തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും അർബുദത്തിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം അവയിലില്ലെന്നുമുള്ള മുൻ നിലപാടിൽ കമ്പനി ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ട്. തങ്ങൾക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെങ്കിലും, വർഷങ്ങളായി നീളുന്ന നിയമയുദ്ധങ്ങൾക്ക് അന്ത്യം കുറിക്കുന്നതിനും ജീവൻരക്ഷാ പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചതെന്ന് കമ്പനി വിശദീകരിച്ചു.

 സ്റ്റേറ്റ്, ഫെഡറൽ കോടതികളിലെ കേസുകളിലെ 95 ശതമാനത്തിലധികം അഭിഭാഷകർ അംഗീകരിച്ചാൽ മാത്രമേ ഈ ഒത്തുതീർപ്പ് വ്യവസ്ഥ അന്തിമമായി പ്രാബല്യത്തിൽ വരികയുള്ളൂ.
ആയിരക്കണക്കിന് പരാതികളും വൻ നിയമപ്രതിസന്ധികളും ഉയർന്നതിനെത്തുടർന്ന് 2020 മേയിൽ അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്ന് കമ്പനി ടാൽക് അധിഷ്ടിത പൗഡറുകൾ പിൻവലിച്ചിരുന്നു. തുടർന്ന് 2022-ഓടെ ആഗോളതലത്തിൽ ഇവയുടെ വിൽപ്പന അവസാനിപ്പിക്കുകയും ചോളപ്പൊടി (Cornstarch) അടിസ്ഥാനമാക്കിയുള്ള പുതിയ ഉൽപ്പന്നങ്ങളിലേക്ക് കമ്പനി മാറുകയും ചെയ്തു. മുൻകാല ആന്തരിക രേഖകൾ മുൻനിർത്തിയാണ് എഴുപതിനായിരത്തോളം വരുന്ന ഉപഭോക്താക്കൾ കമ്പനിക്കെതിരെ പരാതികളുമായി രംഗത്തെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക