
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനും ഒമാനും കൂടി സംയുക്തമായി നടത്തുക എന്നൊരു നിർദേശം വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇറാനുമായുള്ള ചർച്ചകൾക്കു ശേഷം ഒമാൻ മുന്നോട്ടു വച്ചതായി റിപ്പോർട്ട്. സൗദി അറേബ്യയുമായും ഇക്കാര്യം ചർച്ച ചെയ്തെന്നു 'അൽ ജസീറ' ടെലിവിഷൻ അറിയിച്ചു.
ഇറാനിലെ തീവ്രവാദി വിഭാഗങ്ങൾ എതിർക്കും എന്ന ആശങ്ക ഉണ്ടെങ്കിലും നിർദേശത്തിനു പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ചർച്ചകളിൽ ഇറാൻ അയവ് കാട്ടിയെന്നു 'ജസീറ' പറയുന്നു.
ഇറാന്റെ മാത്രം നിയന്ത്രണത്തിൽ നിന്നു ഹോർമുസിനെ മോചിപ്പിക്കുന്ന നിർദേശം എന്ന നിലയ്ക്കു യുഎസും ഇതു സ്വീകരിച്ചേക്കാം.
ഹോർമുസിൽ കൂടി കടന്നു പോകുന്ന കപ്പലുകൾക്കു സ്വന്തം ഇഷ്ട പ്രകാരം ഒരു ഫീ നൽകാം എന്നാണ് ബന്ധപ്പെട്ട നിർദേശം.
ഇറാനുമായി 'വളരെ സൗഹാർദ്ദപരമായ' ചർച്ചകൾ നടക്കുന്നു എന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഈ റിപ്പോർട്ട് വരുന്നത്. ദീർഘമായ ചർച്ചകൾക്കു താൻ തയാറില്ലെന്നു ട്രംപ് പറഞ്ഞെങ്കിലും യുദ്ധത്തിനു വീണ്ടും പോകാൻ ട്രംപിന്റെ മേൽ സമമർദം ചെലുത്താൻ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എത്തിയ നേരത്താണ് ഈ പ്രസ്താവന എന്നതിനു പ്രാധാന്യമുണ്ട്.
ഇറാൻ-ഗൾഫ് കൺസോർഷ്യം
ഇറാനും ഗൾഫ് രാജ്യങ്ങളും ചേർന്ന ഒരു കൺസോർഷ്യം ഉണ്ടാക്കി ഹോർമുസ് നിയന്ത്രണം ഏല്പിക്കാം എന്നാണ് ഒമാന്റെ നിർദേശം. ഹോർമുസ് കടന്നു പോകുന്ന കപ്പലുകൾക്ക് അവർ സുരക്ഷ നൽകും. അതിനൊരു തുക കപ്പലുകൾക്കു സംഭാവന ചെയ്യാം.
മൂന്ന് കപ്പൽ പാതകളാണ് ഒമാൻ നിർദേശിക്കുന്നത്. ഒന്ന് ഇറാന്റെ ജലാതിർത്തയിലൂടെ, രണ്ടാമത്തേത് ഒമാന്റെ ജലാതിർത്തിയിലും. മൂന്നാമത്തേത് അന്താരാഷ്ട്ര പാതയും.
നിർദേശം സ്വീകരിച്ചാൽ ഇറാൻ കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യണം.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി, സൗദിയുടെ പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് എന്നിവരുമായി ഫോണിൽ ചർച്ച നടത്തിയെന്നു ഇറാന്റെ ഇർന ന്യൂസ് പറഞ്ഞു. അവർ മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ഉഭയകക്ഷി വിഷയങ്ങളും വിലയിരുത്തി.
ഹോർമുസിൽ അമേരിക്കയുടെ ആക്രമണം മൂലം ഉണ്ടായിട്ടുള്ള അരാജകത്വം നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അവർ തീരുമാനിച്ചതായി ഇർന അറിയിച്ചു.
മലാക്കയുടെ മാതൃക
ഒമാന്റെ നിർദേശം മലാക്ക കടലിടുക്കിലെ സംവിധാനത്തിനു സമാനമാണ്. അവിടെ കപ്പലുകൾ സ്വന്തം ഇഷ്ട പ്രകാരം നൽകുന്ന സംഭാവന ഉപയോഗിച്ചാണ് പരിസ്ഥിതി സംരക്ഷണവും രക്ഷാ പ്രവർത്തനങ്ങളും നടത്തുന്നത്. ഇന്ത്യൻ, പാസിഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന കടലിടുക്കിൽ ലോകത്തിന്റെ അഞ്ചിലൊന്നിലേറെ കപ്പൽ ഗതാഗതം കടന്നു പോകുന്നുണ്ട്.
ഇന്തോനേഷ്യയുടെ സുമാത്ര ദ്വീപിനും മലേഷ്യൻ മുനമ്പിനും ഇടയ്ക്കു 900 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന മലാക്ക യുറോപ്പിനെയും മിഡിൽ ഈസ്റ്റിനെയും ഈസ്റ്റ് ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഏറ്റവും നീളം കുറഞ്ഞ പാതയാണ്.
Oman floats joint management of Hormuz with Iran