
കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. വിദ്യാർഥിയെ കാണാതായ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
പൊലീസിന്റെ ക്രൂരമർദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സിയാദിന്റെ മുതുകത്ത് പൊലീസ് ശക്തമായി മർദിച്ചെന്നും ഇതേത്തുടർന്ന് വാരിയെല്ല് പൊട്ടിയെന്നും ബന്ധുക്കൾ പറഞ്ഞു. സിയാദിന്റെ മകളും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. 'അച്ഛനെ ഇടിച്ചത് സാറല്ലേ.. അച്ഛൻ പോയി' എന്ന് കുട്ടി പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്.
കുണ്ടറ സ്റ്റേഷനിലെ എസ്ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ മാസം 16 നായിരുന്നു സിയാദിനെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത്. 13 കാരനെ കാണാനില്ലെന്ന അയൽവാസിയുടെ പരാതിയിലായിരുന്നു പൊലീസിന്റെ നടപടി. എന്നാൽ കുട്ടിയെ പിന്നീട് കണ്ടെത്തുകയും സിയാദിന് സംഭവവുമായി ബന്ധമില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.
പിറ്റേന്ന് സിയാദിനെ പൊലീസ് വിട്ടയച്ചെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വാരിയെല്ലിന് പരിക്കേറ്റതായി ഡോക്ടർമാർ പറഞ്ഞതായി സിയാദിന്റെ ഭാര്യയെ ഉദ്ധരിച്ച് വാർത്താ ചാനലുകൾ റിപ്പോർട്ടു ചെയ്തു. സംഭവത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് യുവാവ് മരിച്ചെന്ന ആരോപണം ശക്തമായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോർട്ട് തേടി.