
ബോർഡോ (ഫ്രാൻസ്): ഫ്രാൻസിന്റെയും സ്‌പെയിനിന്റെയും വിവിധ മേഖലകളിൽ നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീ വൻ നാശം വിതയ്ക്കുന്നു. ഫ്രാൻസിലെ പ്രശസ്ത മുന്തിരിത്തോട്ട മേഖലയായ ബോർഡോയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് തീ പടർന്നതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി. ഇരു രാജ്യങ്ങളിലുമായി ഏകദേശം മൂന്ന് ലക്ഷം പേർ വീടുകൾ വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയതായി അധികൃതർ അറിയിച്ചു.
ഫ്രാൻസിൽ മാത്രം 2.2 ലക്ഷം പേരെ ഒഴിപ്പിച്ചപ്പോൾ, സ്‌പെയിനിൽ 75,000-ത്തിലധികം പേർ സ്വന്തം വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. കൂടാതെ 30,000-ത്തിലധികം പേർക്ക് വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതമായി തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
ഫ്രാൻസിന്റെ അറ്റ്ലാന്റിക് തീരത്തെ വിനോദസഞ്ചാര കേന്ദ്രമായ ക്യാപ് ഫെറേ (Cap Ferret) ഉപദ്വീപിൽ നിന്ന് ആരംഭിച്ച തീ ബോർഡോയെ ചുറ്റിപ്പറ്റിയ ഗ്രാമപ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നു. തീ നഗരത്തിലേക്ക് കടക്കുന്നത് തടയാൻ ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങൾ രാപ്പകലില്ലാതെ പരിശ്രമിക്കുകയാണ്.
ബോർഡോ മേയർ തോമസ് കാസ്നാവ് അറിയിച്ചു പ്രകാരം, പ്രധാന തീപിടിത്ത മേഖല നഗരത്തിന്റെ പ്രധാന പ്രവേശനകവാടങ്ങളിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ മാത്രം അകലെയാണ്. നിലവിൽ നഗരം ഒഴിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെങ്കിലും ഭീഷണി വളരെ അടുത്തെത്തിയതായി അദ്ദേഹം വ്യക്തമാക്കി.
ഫ്രാൻസ് ആഭ്യന്തരമന്ത്രി ലോറൻ ന്യൂനസ് സ്ഥിതിഗതികൾ 'അഭൂതപൂർവവും അതീവ ആശങ്കാജനകവുമാണ്' എന്ന് വിശേഷിപ്പിച്ചു. 'തീ ഇപ്പോഴും നിയന്ത്രണത്തിലായിട്ടില്ല. അത് നഗരപ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്. സാഹചര്യം അതീവ പ്രതികൂലമാണ്. യാഥാർഥ്യബോധത്തോടെ സ്ഥിതി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും,' അദ്ദേഹം പറഞ്ഞു.
തീപിടിത്തം ശക്തമായതോടെ മാർഷെപ്രൈം, സെസ്റ്റാസ് എന്നീ പ്രദേശങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ രാത്രി വീടുതോറും കയറി ജനങ്ങളെ ഉടൻ ഒഴിഞ്ഞുപോകാൻ നിർദേശിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം, സ്‌പെയിനിലും കാട്ടുതീ വലിയ നാശം വിതയ്ക്കുകയാണ്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തീപിടിത്തം രൂക്ഷമായ ആവില, മാഡ്രിഡ്, ടൊലീഡോ പ്രവിശ്യകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
സ്‌പെയിൻ പരിസ്ഥിതി മന്ത്രി സാറ ആഗേസൻ അറിയിച്ചതനുസരിച്ച്, ആവില പ്രവിശ്യയിൽ മാത്രം 50,000 ഹെക്ടറിലധികം ഭൂവിഭാഗം കത്തിനശിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയായി ഇതിനെ കണക്കാക്കുന്നു.
കിഴക്കൻ സ്‌പെയിനിലെ കാസ്റ്റലോൺ പ്രവിശ്യയിലും മറ്റൊരു വൻ കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്. 4,300 ഹെക്ടറിലധികം വനഭൂമി കത്തിനശിച്ച ഈ തീ സിയെറ ഡി എസ്പദാൻ പ്രകൃതി സംരക്ഷണ മേഖലയിലേക്കും വ്യാപിച്ചതോടെ വിശാലമായ പൈൻ, കോർക്ക് ഓക്ക് വനങ്ങൾ ഭീഷണിയിലായി.
സ്ഥിതിഗതികൾ നേരിടാൻ യൂറോപ്യൻ യൂണിയന്റെ സിവിൽ പ്രൊട്ടക്ഷൻ സംവിധാനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങൾ സഹായവുമായി രംഗത്തെത്തി. ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങൾ രണ്ട് വീതം കാനഡെയർ അഗ്നിശമന വിമാനങ്ങൾ സ്‌പെയിനിലേക്ക് അയച്ചു. പോർച്ചുഗൽ നൂറിലധികം സൈനികരെയും പ്രത്യേക ഉപകരണങ്ങളെയും വിന്യസിച്ചിട്ടുണ്ട്. തുർക്കിയിൽ നിന്നുള്ള രണ്ട് അഗ്നിശമന വിമാനങ്ങളും ഉടൻ സ്‌പെയിനിലെത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച മുതൽ തീബാധിത മധ്യപ്രവിശ്യകളിൽ സിവിൽ പ്രൊട്ടക്ഷൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി സാഞ്ചസ് അറിയിച്ചു. ദുരിതബാധിതരുടെ പുനരധിവാസത്തിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കും പ്രത്യേക ധനസഹായവും അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ജനുവരി മുതൽ സ്‌പെയിനിൽ മാത്രം 1.5 ലക്ഷം ഹെക്ടറിലധികം ഭൂവിഭാഗം കാട്ടുതീയിൽ നശിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ആറിരട്ടി കൂടുതലാണ്. ഫ്രാൻസിലും സ്‌പെയിനിലും തുടരുന്ന അതിശക്തമായ ചൂടും വരണ്ട കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.